ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തിലേക്ക് സ്വന്തം ബൈക്ക് ദാനം നൽകി ഈ മനുഷ്യൻ; മുഖവും പേരും വെളിപ്പെടുത്താതെ നടന്നുപോയ ആ മനുഷ്യസ്‌നേഹിയെ കുറിച്ച് വൈറൽ കുറിപ്പ്

യമഹ എസ് സെഡ് ബൈക്കാണ് പേരും വിലാസവും സ്വന്തം മുഖം പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സന്മനസിന് ഉടമയായ യഥാർത്ഥ മനുഷ്യൻ കൈമാറിയത്.

ആലപ്പുഴ: കൈയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട് ക്യാംപുകളിൽ അഭയം തേടിയ പ്രളയ ദുരിതബാധിതർക്കായി സന്നദ്ധപ്രവർത്തകർ നിസ്വാർത്ഥ സേവനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇത്തരത്തിൽ സാധനസാമഗ്രികൾ ശേഖരിച്ചുകൊണ്ടിരിക്കെ സന്നദ്ധപ്രവർത്തകരെ പോലും ഞെട്ടിച്ചാണ് ആ മനുഷ്യൻ കടന്നുവന്നത്. കൈയ്യിൽ പണമായോ അവശ്യസാധനമായോ ഒന്നും നൽകാനില്ലാത്ത അദ്ദേഹം ഇവർക്ക് കൈമാറിയത് സ്വന്തം ബൈക്ക് തന്നെയായിരുന്നു. നഗരത്തിലെ സക്കരിയ ബസാറിലെയും വട്ടപ്പള്ളിയിലെയും തെരുവിലൂടെ തിരിച്ച് നടന്ന് പോയ ആ മനുഷ്യന്റെ ത്യാഗത്തിലുള്ള അമ്പരപ്പിൽ തന്നെയാണ് ഇപ്പോഴും സന്നദ്ധപ്രവർത്തകർ.

യമഹ എസ് സെഡ് ബൈക്കാണ് പേരും വിലാസവും സ്വന്തം മുഖം പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സന്മനസിന് ഉടമയായ യഥാർത്ഥ മനുഷ്യൻ കൈമാറിയത്. മണ്ണിലകപ്പെട്ടും ജീവൻ മാത്രം തിരിച്ചുപിടിച്ച് ഓടി രക്ഷപ്പെട്ടും തളർന്നിരിക്കുന്ന സഹജീവികളോട് മുഖം തിരിക്കാനാകാതെ ഇദ്ദേഹം കാണിച്ച മഹാമനസ് ഒരു വിസ്മയം തന്നെയാവുകയാണ്.

വട്ടപ്പള്ളി ജാഫർ ജുമാമസ്ജിദ് മദ്‌റസയിൽ ആരംഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ ശേഖരണത്തിൽ ബൈക്ക് നൽകുമ്പോൾ അയാൾ വെച്ച ഒരേയൊരു ഉപാധി തന്റെ മുഖം ആരോടും വെളിപ്പെടുത്തരുത് എന്നായിരുന്നു. അന്ന് രാത്രി പള്ളിക്ക് മുന്നിൽ നടന്ന ലേലത്തിൽ 11,000 രൂപക്ക് ബൈക്ക് വിറ്റുപോവുകയും ചെയ്തു. ശേഖരിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വൈകാതെ കയറ്റി അയച്ചെങ്കിലും പിന്നീട് നാട്ടുകാരടക്കം ബൈക്കിന്റെ ഉടമയാരാണെന്ന് കണ്ടെത്താനുള്ള തിടുക്കത്തിലായിരുന്നു. ഇതിനിടെ സിനിമ സംവിധായകൻ ഗഫൂർ വൈ ഇല്യാസ് ഇദ്ദേഹം പുറംതിരിഞ്ഞ് നടന്നകലുന്ന ചിത്രം അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ആകെയുണ്ടായിരുന്ന ബൈക്ക് പ്രളയ ദുരിതാശ്വാസത്തിന് നൽകിയ അങ്ങ് മഹനീയ മാതൃകയാണ് നൽകിയതെന്നും ഓരോ ചവിട്ടടിക്കും ദൈവം പ്രതിഫലം നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുഖം വ്യക്തമാക്കിയില്ലെങ്കിലും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും ഗഫൂർ അദ്ദേഹത്തോട് ക്ഷമയും ചോദിച്ചിട്ടുണ്ട്.

Exit mobile version