കടയിലെ വസ്ത്രങ്ങളെല്ലാം നാട്ടുകാർക്ക് നൽകിയ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് കളക്ടറെത്തിയില്ല; നാട്ടുകാർ ചേർന്ന് ഉദ്ഘാടനം ചെയ്ത് ആഘോഷമാക്കി

ജില്ലാ കളക്ടർക്ക് വരാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിൽ നാട്ടുകാർ ചേർന്ന് കടയുടെ ഉദ്ഘാടനം നടത്തി.

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിലുള്ള വഴിയോര കച്ചവടകേന്ദ്രത്തിലെ മുഴുവൻ വസ്ത്രങ്ങളും ദുരിത ബാധിതർക്ക് ചാക്കുകളിൽ നിറച്ചുനൽകി മലയാളികളുടെ ഹൃദയം കീഴടക്കിയ നൗഷാദ് പുതിയ കട കൊച്ചിയിൽ തുറന്നു. ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടർക്ക് വരാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിൽ നാട്ടുകാർ ചേർന്ന് കടയുടെ ഉദ്ഘാടനം നടത്തി.

കേരളത്തെ പേമാരി വിഴുങ്ങിക്കൊണ്ടിരിക്കെ ആളുകൾക്ക് സഹായം നൽകാൻ കുറച്ച് മടിയുണ്ടായിരുന്ന സമയത്താണ് എല്ലാവർക്കും സത്പ്രവർത്തിയുടെ പാഠം പകർന്നുനൽകികൊണ്ട് നൗഷാദ് ദുരിതാശ്വാസ പ്രവർത്തകർക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയമെത്തും മുമ്പ് തന്നെ കൊച്ചി ബ്രോഡ്‌വേയിൽ ഒരു കട തുറക്കാനുള്ള പദ്ധതിയിലായിരുന്നു. പുതിയ സ്‌റ്റോക്ക് എത്തിയതോടെയാണ് ഈ കട ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ദിവസം തന്നെ, നേരത്തെ നൗഷാദിന് പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങൾ വാങ്ങിക്കാൻ വിദേശ മലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വിൽപനയും തകർത്തു. അഫിയുടെ പാരിതോഷികം പ്രളയബാധിതർക്ക് വസ്ത്രങ്ങളായി സമ്മാനിക്കാമെന്ന് നൗഷാദ് തന്നെയാണ് അന്ന് നിർദേശിച്ചത്. ഇതുപ്രകാരമാണ് അഫി അഹമദ് ഉദ്ഘാടന ദിവസം തന്നെ കടയിലേക്ക് എത്തിയത്. ഈ സമ്മാനത്തോടൊപ്പം നൗഷാദിനേയും കുടുംബത്തേയും ദുബായിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട് അഫി അഹമദ്. നൗഷാദിന്റെ നിർദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും.

മൂന്ന് ഷർട്ടുകൾക്ക് ആയിരം രൂപ എന്ന ഓഫറിലാണ് നൗഷാദിന്റെ കടയിലെ വിൽപ്പന. താൻ മരിക്കുംവരെ ഈ തെരുവിൽ തന്നെ വ്യാപാരിയായി ഉണ്ടാകുമെന്നാണ് നൗഷാദ് പറയുന്നത്. മുമ്പ് സൗദി പ്രവാസിയായിരുന്ന ഇദ്ദേഹം സ്വദേശിവത്കരണം ശക്തമായതോടെ നാട്ടിലേക്ക് തിരിച്ചെത്തി തുണിക്കച്ചവടം ആരംഭിക്കുകയായിരുന്നു.

Exit mobile version