റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റി; കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയര്‍, പിന്തുണയുമായി എംപി ഹൈബി ഈഡനും

മേയറുടെ സമരത്തിന് ഒടുവില്‍ ഫലം കണ്ടു.

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് കൊച്ചി മേയറായ സൗമിനി ജെയിന്‍ രംഗത്ത്. ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നില്‍ മേയര്‍ കുത്തിയിരിപ്പ് സമരം നടത്തി. മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംപി ഹൈബി ഈഡനും രംഗത്തെത്തി. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോര്‍പ്പറേഷനെതിരെ ജനരോഷം ഉയര്‍ന്നതോടെയാണ് മേയര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയത്.

മേയറുടെ സമരത്തിന് ഒടുവില്‍ ഫലം കണ്ടു. ജോലികള്‍ പെട്ടെന്ന്‌ പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് കിട്ടി. ഇതോടെ നടത്തി വന്ന സമരം മേയര്‍ അവസാനിപ്പിച്ചു. രണ്ട് മണിക്കൂറിലേറെയാണ് മേയര്‍ സമരം നടത്തിയത്. ജല അതോറിറ്റി സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നില്ലെന്നായിരുന്നു കൊച്ചി മേയറുടെ ആരോപണം.

28-ാം തീയതിക്കകം ജല അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് സമരത്തിന് അവസാനമായത്. ഇതിന് ശേഷം കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.

Exit mobile version