കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പടയൊരുക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകള്‍

കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയ്‌നിനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്ര്‍റ് അടക്കം ആറ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു.

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയ്‌നിനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്ര്‍റ് അടക്കം ആറ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ സ്ഥാനമൊഴിയാമെന്ന മുന്‍ ധാരണ സൗമിനി തെറ്റിച്ചെന്നാണ് ആക്ഷേപം.

ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിനേറ്റ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെയാണ് മേയര്‍ സൗമിനിക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ കലാപം തുടങ്ങിയത്. ഹൈബി ഈഡന്‍ എംപിയാണ് പരസ്യ കലാപത്തിന് തുടക്കമിട്ടത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് ഇതുവരെ മേയറെ മാറ്റുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയിലെ വനിത നേതാക്കളെ ഇറക്കിയുള്ള പുതിയ തന്ത്രം.

രണ്ടര വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന പാര്‍ട്ടിയിലെ മുന്‍ ധാരണ കുടുംബകാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയര്‍ ലംഘിച്ചെന്നാണ് സഹപ്രവര്‍ത്തകരായ ആറ് വനിതാ കൗണ്‍സിലര്‍മാരുടെ ആക്ഷേപം. മേയറെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന പ്രചാരണങ്ങളെയും വനിതാ കൗണ്‍സിലര്‍മാര്‍ തള്ളുന്നു. നേതൃത്വം മേയറെ മാറ്റിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് പ്രതിഷേധമറിയിയിക്കാനാണ് തീരുമാനം. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മേയര്‍ സൗമിനി ജെയ്ന്‍.

Exit mobile version