പുഴയ്ക്കലിലെ ഗതാഗത കുരുക്കിന് അവസാനമില്ല; പാലം തുറന്ന് കൊടുക്കണമെന്ന ആവശ്യവുമായി അനിൽ അക്കര കുത്തിയിരിപ്പ് സമരത്തിലേക്ക്

അവസാന പണികൾ കൂടി തീർത്ത ശേഷം പാലം തുറന്നാൽ മതിയെന്നാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനം.

തൃശ്ശൂർ: ഗതാഗത കുരുക്കിൽ പെട്ട് വലയുന്ന തൃശ്ശൂർ നഗരത്തിന്റെ കവാടമായ പുഴയ്ക്കലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ കുത്തിയിരിപ്പ് സമരത്തിലേക്ക്. പുഴയ്ക്കൽ പാലം യാത്രക്കാർക്ക് തുറന്നു കൊടുക്കാത്തതിന് എതിരെയാണ് കോൺഗ്രസിന്റെ സമരം. പാലം തുറക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ബുധനാഴ്ച 24 മണിക്കൂർ പാലത്തിൽ കുത്തിയിരിപ്പ് സമരം നടത്തും. അതേസമയം, അവസാന പണികൾ കൂടി തീർത്ത ശേഷം പാലം തുറന്നാൽ മതിയെന്നാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനം.

പുഴയ്ക്കൽ ശോഭാ സിറ്റി മാളിന് മുന്നിൽ നിന്നും തുടങ്ങുന്ന വലിയ ഗതാഗതകുരുക്ക് തൃശ്ശൂർ നഗരം വരെ നീണ്ട വാഹനനിരയ്ക്ക് കാരണമാകാറുണ്ട്. പ്രവർത്തിദിനങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ഏത് നേരത്തും ഇവിടെ ഗതാഗത കുരുക്ക് തന്നെയാണ്. ഇതിനുപരിഹാരമായാണ് പാലം നിർമ്മിക്കാൻ തുടങ്ങിയത്. പാലത്തിന്റെ പണി 99 ശതമാനവും പൂർത്തിയായി.

നാളെ പാലം ഉദ്ഘാടനം ചെയ്ത് ചെറുവാഹനങ്ങൾക്ക് തുറന്നു കൊടുക്കാനായിരുന്നു മന്ത്രി ജി സുധാകരന്റെ സാനിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. എന്നാൽ അവസാനനിമിഷം തീരുമാനം മാറ്റിയത് യാത്രക്കാരെ വീണ്ടും കുരുക്കിലാക്കി.

മഴക്കാലം കഴിഞ്ഞ് അവസാന പണികൾ കൂടി പൂർത്തിയാക്കിയ ശേഷം പാലം തുറന്നാൽ മതിയെന്നാണ് ചീഫ് എഞ്ചിനീയറുടെ നിലപാട്. ഇതിനെതിരെ വാളെടുക്കുകയാണ് കോൺഗ്രസ്. അടുത്ത മാസം രണ്ടിനകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ് തീരുമാനിച്ചു.

Exit mobile version