മലവെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് അപ്പര്‍കുട്ടനാട്ടില്‍ ചത്തത് പതിനായിരത്തിലധികം താറാവുകള്‍; വായ്പ എടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയില്‍

ഇതിനുപുറമെ വൈക്കം ഭാഗത്ത് മത്സ്യക്കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്

ആലപ്പുഴ: മലവെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് അപ്പര്‍കുട്ടനാട്ടില്‍ ഇതുവരെ ചത്തത് പതിനായിരത്തിലധികം താറാവുകളാണ്. ഇതോടെ ബാങ്ക് വായ്പയും മറ്റും എടുത്ത് താറാവ് കൃഷി ഇറക്കിയ കര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ്.

കുമരകത്ത് ആറായിരം താറാവുകള്‍ ഉണ്ടായിരുന്ന ലാലുമോന്‍ എന്നയാളുടെ ആയിരം താറാവുകളാണ് കഴിഞ്ഞ് രണ്ട് ദിവസം കൊണ്ട് ചത്തത്. കൂട്ടിലിട്ട സമയത്ത് വെള്ളം കയറിയതിനാല്‍ കുറേയെണ്ണം ഒഴുകിപ്പോവുകയും ചെയ്തു. അവസരം മുതലാക്കി ചിലര്‍ താറാവിനെ മോഷ്ടിച്ചെന്നും ലാലുമോന്‍ ആരോപിക്കുന്നുണ്ട്.

ബാങ്ക് വായ്പ എടുത്താണ് ലാലുമോനും സുഹൃത്തുക്കളും ചേര്‍ന്ന് താറാവ് കൃഷി ആരംഭിച്ചത്. അയ്മനം, കുമരകം എന്നീ പ്രദേശങ്ങളിലാണ് ഏറ്റവുമധികം താറാവുകള്‍ ചത്തത്. ഇതിനുപുറമെ വൈക്കം ഭാഗത്ത് മത്സ്യക്കൃഷിയും വെള്ളം കയറി നശിച്ചിട്ടുണ്ട്.

Exit mobile version