കൂട്ടുകുടുംബത്തിലെ നാലുപേരുടെ വിവാഹം; ഒറ്റക്ഷണക്കത്തും ഒറ്റ വിവാഹപന്തലും; നാടിന് മാതൃകയായി ഒരുമയുടെ ഈ കല്യാണപന്തൽ

വിവാഹകർമങ്ങൾക്കു ദിവസങ്ങൾക്കു മുമ്പ് തന്നെ എരുമേലി നാലാംമൈലിലെ വീട്ടിൽ ആൾക്കൂട്ടപ്പെരുമഴയാണ് ഉണ്ടായത്.

എരുമേലി: നാടിന് ആഘോഷമായി ഇന്ന് എരുമേലിയിലെ ഹിദായത്ത് ഭവനിൽ കൂട്ടുകുടുംബത്തിലെ നാല് പേരുടെ വിവാഹം. ഇക്കാലത്തും കൂട്ടുകുടുംബത്തിന്റെ പ്രസക്തിയും സ്‌നേഹവും വിളിച്ചോതി ഉയർന്നു നിൽക്കുന്ന ഈ ഹിദായത്ത് ഭവനിലെ നാലുപേരുടെ വിവാഹത്തിനായി നാട് ഓടിയെത്തുകയാണ്. മുറ്റത്തൊരുക്കിയ ഒരേ പന്തലിൽ ഒരേ സമയം നടക്കുന്നത് 4 വിവാഹങ്ങളാണ്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായി നാല് വിവാഹങ്ങൾക്കും ഒറ്റ ക്ഷണക്കത്താണ് തയ്യാറാക്കിയത്. വിവാഹകർമങ്ങൾക്കു ദിവസങ്ങൾക്കു മുമ്പ് തന്നെ എരുമേലി നാലാംമൈലിലെ വീട്ടിൽ ആൾക്കൂട്ടപ്പെരുമഴയാണ് ഉണ്ടായത്.

എരുമേലിയിലെ ഹിദായത്ത് ഭവനിലെ താമസക്കാർ ആറ് സഹോദരന്മാരും അവരുടെ കുടുംബവും അടുത്ത ബന്ധുക്കളുമൊക്കെയാണ്. മൂന്നു നിലയുള്ള വീട്ടിൽ സഹോദരങ്ങളും പ്രിയപ്പെട്ടവരും ഉൾപ്പടെ സദാസമയവും 50ൽ കുറയാത്ത അംഗങ്ങൾ സ്ഥിരതാമസത്തിനുണ്ടാവും.

ഇന്ന് വിവാഹിതരാകുന്നത്, സഹോദരങ്ങളായ നാസറുദീൻ, നിസാറുദീൻ എന്നിവരുടെ മക്കളായ നജ്മയും നജ്മിയും ബന്ധുക്കളായ എരുമേലി തൈപ്പറമ്പിൽ ഷാജിയുടെയും തിരുവല്ല അലീന മൻസിൽ സുബൈറിന്റെയും മക്കളായ സാദിന മോളും അലീനയുമാണ്. വീട്ടുപരിസരത്ത് പ്രത്യേകം ഒരുക്കിയ പന്തലിൽ വെച്ചാണ് നാലുപേരുടേയും വിവാഹം. എരുമേലി വില്ലൻചിറ അബ്ദുൽ റസാക്ക്, തിരുവല്ല അലീന മൻസിലിൽ ആരിഫ് ഖാൻ, ആലപ്പാറ കോയിക്കൽ മേപ്പുറത്ത് അൻസാരി, കനകപ്പലം തെങ്ങുംമൂട്ടിൽ അജ്മൽ എന്നിവരാണു നാലുവരൻമാർ.

ഗംഭീര വിവാഹത്തിനായി വീടിനു പുറകിൽ പുരയിടം നിരപ്പാക്കുകയും ചെയ്തു. ഈ സ്ഥലത്ത് 25000 ചതുരശ്ര അടിയിലാണു പന്തൽ. ഗൾഫിൽ ബിസിനസ് നടത്തുന്ന ഹിദായത്ത് ഭവനിലെ ആറ് സഹോദരങ്ങളും നാട്ടിലെത്തിയാൽ ഒന്നിച്ചാണു താമസം. ആ സമയത്ത് ബന്ധുക്കളൊക്കെയായി കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തെത്തും. ഈ വീടിന്റെ ഏറ്റവും വലിയ നന്മ ഇതിനു പിന്നാമ്പുറത്തായി ലളിതമായി ഒരുക്കിയ ഒറ്റ അടുക്കളയാണ്. വീട്ടിലെ സ്ത്രീകൾ എല്ലാവരും ചേർന്നാണു ദിവസവും പാചകം. വിശേഷാവസരങ്ങളിൽ മാത്രം സഹായികളെ തേടാറുള്ളൂ.

Exit mobile version