20ന് മഴ ശക്തിപ്പെടാന്‍ സാധ്യത; ജാഗ്രത തുടരും

കഴിഞ്ഞ ദിവസങ്ങളായി തുടര്‍ച്ചയായി പെയ്തിരുന്ന മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മുന്നറിയിപ്പുകളെല്ലാം പിന്‍വലിച്ചു. എന്നാല്‍ വരുന്ന 20, 21 തീയതികളില്‍ കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മഴലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും മഴ ഏറെ നാശനഷ്ടങ്ങളാണ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസങ്ങളായി തുടര്‍ച്ചയായി പെയ്തിരുന്ന മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ നിലനിര്‍ത്താനും നിര്‍ദേശമുണ്ട്.

കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് 20,21 തീയ്യതികളില്‍ കൂടുതല്‍ മഴലഭിക്കാനിടയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജാഗ്രത തുടരണമെന്ന നിര്‍ദേശം ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ തടസ്സമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേര്‍ട്ട് കൂടി പിന്‍വലിച്ചതോടെ മഴയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞു. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഒരു ജില്ലയിലും നല്‍കിയിട്ടില്ല. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.

Exit mobile version