‘ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്’; അതിജീവനത്തിന്റെ സന്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളക്കര. ജാതി-മത ഭേദമന്യേ എല്ലാവരും അതിജീവനത്തിനായി ഒന്നായി കൈകോര്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ഇപ്പോഴിതാ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി കേരള പോലീസും രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് കേരളാ പോലീസ് അതിജീവനത്തിന്റെ സന്ദേശവുമായി എത്തിയത്.

ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണെന്നും മാനവസ്‌നേഹത്തിന് തെക്കും വടക്കുമെന്ന ദേശവ്യത്യാസത്തിന്റെ അതിരുകളില്ലെന്ന് തെളിയിച്ച ദിവസങ്ങളാണ് ഇതെന്നുമാണ് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചത്. നുണക്കഥകള്‍ പ്രചരിപ്പിച്ചവരുടെ മുന്നില്‍ തളരാതെ നിന്ന് പോരാടുകയാണ് കേരളമെന്നും വരും തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഈ അതിജീവനമെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നുണ്ട്.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇത് കേരളമാണ്.നാം അതിജീവിക്കും.പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മഹനീയ മാതൃകകള്‍ നമുക്ക് കാണാന്‍ സാധിച്ചു. ഒരുപ്രളയത്തെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണ് നാം. മറ്റൊരു ദുരന്തം കൂടി കേരളത്തെ പിടിച്ചുലച്ചപ്പോള്‍ വിഭാഗീയത സൃഷ്ടിക്കാനും നുണക്കഥകളുടെ പെരുമഴ തീര്‍ക്കാനും ശ്രമിച്ചവര്‍ക്കു മുന്നില്‍ തളരാതെ നിന്ന് പോരാടുകയാണ് ഈ കൊച്ചുകേരളം.

ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്. ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പ്രാര്‍ത്ഥനാ മുറി വിട്ടുനല്‍കിയ പോത്തുകല്ല് മസ്ജിദുള്‍ മുജാഹിദീന്‍ പള്ളി മതത്തിനും ജാതിക്കും മുകളില്‍ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണ്.ദുരന്തമുഖത്തു നിസ്വാര്‍ത്ഥ സേവകരായ സന്നദ്ധ പ്രവര്‍ത്തകരും, പ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനുവും, ദുരിതബാധിതര്‍ക്ക് തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം നല്‍കി മാതൃകയായ നൗഷാദും, ശേഖരിച്ചുവച്ച നാണയത്തുട്ടുകള്‍ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയ കുഞ്ഞുമക്കളും.

മാനവസ്‌നേഹത്തിന് തെക്കും വടക്കുമെന്ന ദേശവ്യത്യാസത്തിന്റെ അതിരുകളില്ലെന്ന് തെളിയിച്ച കൂട്ടായ്മകളും.ദുരിതാശ്വാസസാമഗ്രികള്‍ സമാഹരിക്കുവാനും ക്യാമ്പുകളില്‍ വിതരണം ചെയ്യുവാനും അക്ഷീണം പ്രയത്‌നിക്കുന്ന യുവജനങ്ങളുമൊക്കെ ഈ നാടിന്റെ നന്മയും കരുത്തും പ്രതീക്ഷകളുമാണ്.കൈകോര്‍ക്കാം.കൈത്താങ്ങാകാം.ഒരുമയോടെ മുന്നേറാം.നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ അതിജീവനം.

Exit mobile version