കൃത്രിമ കാലുമായി ദുരിതാശ്വാസ ക്യാംപുകളിൽ സജീവമായി ശ്യാം; തന്നെ അമ്പരപ്പിച്ച ശ്യാമിന്റെ ചികിത്സ ഏറ്റെടുക്കുന്നെന്ന് ആരോഗ്യമന്ത്രി

അമ്പരപ്പിക്കുന്ന മനുഷ്യരുടെ കഥയാണ് ഈ പ്രളയകാലത്ത് ഉയർന്നുകേൾക്കുന്നത്.

തിരുവനന്തപുരം: മഴക്കെടുതി വലയ്ക്കുമ്പോഴും തളരാതെ പോരാടുന്ന, അമ്പരപ്പിക്കുന്ന മനുഷ്യരുടെ കഥയാണ് ഈ പ്രളയകാലത്ത് ഉയർന്നുകേൾക്കുന്നത്. അതിജീവനത്തിനായി ശ്രമിക്കുന്ന ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി മറ്റൊരു കൂട്ടർ കൂടെ തന്നെയുണ്ട്. എല്ലാവരും തങ്ങൾക്കാവുന്ന വിധം സഹായങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങൾ കയറ്റി അയയ്ക്കുന്ന ശ്യാംകുമാറിനെ സമൂഹമാധ്യമങ്ങളാണ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയത്.

എംജി കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായ ശ്യം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ ചെയ്യുന്നുണ്ട്. ഇത്രയേറെ പോസിറ്റീവായ തന്നെ അത്ഭുതപ്പെടുത്തിയ ശ്യാമിന്റെ ചികിത്സ പൂർണ്ണമായി വഹിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്യാമിനെ കുറിച്ച് അറിഞ്ഞ് അന്വേഷിച്ചപ്പോൾ ഡോക്ടർമാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി പറയുന്നു.

‘രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും’: ഷൈലജ ടീച്ചർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കെകെ ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാർഥിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയാൻ സാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അപ്പോൾ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ,”ശ്യാംകുമാർ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോൾ, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവർക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്”.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടർ ശ്യാമിനെ കുറിച്ച് പറഞ്ഞു നിർത്തിയത്. ഈ ശാരീരിക ക്ലേശങ്ങൾക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാൻ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നൽകുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ചികിത്സാചെലവ് സർക്കാർ വഹിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

Exit mobile version