പ്രളയ ദുരിതമേഖലയിലെ കുട്ടികള്‍ക്കായി തലസ്ഥാനത്ത് നിന്ന് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു

കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതരായ കുട്ടികള്‍ക്കായി തലസ്ഥാനത്ത് നിന്ന് കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് എന്ന സംഘടനയാണ് ഇത്തരത്തില്‍ കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്.

കുട്ടികളുടെ സന്തോഷങ്ങള്‍ കൂടിയാണ് പ്രളയം തകര്‍ത്തെറിയുന്നത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ജനിച്ചത്. കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ വീണ്ടും സന്തോഷത്തിന്റെ ലോകത്തേക്ക് കൊണ്ടുവരുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് റൈറ്റ്‌സിന്റെ തിരുവനന്തപുരം ഓഫീസില്‍ എത്തിക്കാവുന്നതാണ്. ഇന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് പുറപ്പെടും.
കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും ചെസ് ബോര്‍ഡും തുടങ്ങി കുട്ടികള്‍ക്ക് കളിക്കാനുളളതെന്തും ഇവര്‍ക്ക് കൈമാറാം എന്നും സംഘടന അറിയിച്ചിട്ടുണ്ട്.

Exit mobile version