സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകളില്‍ മാത്രം

മഴയുടെ ശക്തി കുറഞ്ഞതോടെ നിലമ്പൂര്‍ ഭൂദാനത്തും മേപ്പാടി പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും നിലവില്‍ ജാഗ്രതാ നിര്‍ദേശവുമില്ല.

മഴയുടെ ശക്തി കുറഞ്ഞതോടെ നിലമ്പൂര്‍ ഭൂദാനത്തും മേപ്പാടി പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കും. ഭൂദാനത്ത് 33 പേരാണ് ഇതുവരെ മരിച്ചത്. 26 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ മുത്തപ്പന്‍ കുന്ന് കേന്ദ്രീകരിച്ചാണ് പ്രധാനമായും തെരച്ചില്‍ നടക്കുന്നത്.

പുത്തുമലയില്‍ കാണാതായ ഏഴ് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇന്നലെ സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആഴത്തിലുള്ള ചെളി ഇതിന് തടസമായിരുന്നു. ഇതു വരെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 108 പേരാണ്.

Exit mobile version