ജനവാസ കേന്ദ്രങ്ങളിലൂടെ ഗതി മാറി ഒഴുകി പുഴകള്‍; മഴ പെയ്താല്‍ എന്താകുമെന്ന് ആശങ്ക

നിലമ്പൂര്‍ വയനാട് മേഖലയില്‍ മാത്രം ആയിരത്തിലേറെ ഏക്കര്‍ ഭൂമി നശിച്ചു

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിലും കനത്ത മഴയിലും ഏറെ നാശം സംഭവിച്ച പ്രദേശങ്ങളിലെ പുഴകള്‍ ഗതിമാറി ഒഴുകിയതായി റിപ്പോര്‍ട്ട്. മലയോര മേഖലയിലെ പുഴകളെല്ലാം ഇപ്പോള്‍ കരയിലൂടെയാണ് ഒഴുകുന്നത്. പുഴകളില്‍ മണ്ണും മണലും പാറക്കെട്ടുകളുമെല്ലാം വന്നതടിഞ്ഞതിനാല്‍ ഇനിയും മഴ പെയ്താല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്ന അവസ്ഥയിലാണ്.

ഇപ്പോള്‍ മണ്ണും മണലും പാറക്കെട്ടുകളും വന്മരങ്ങളും വന്നടിഞ്ഞ് പുഴകളെ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. പുഴ വീണ്ടും ഗതിമാറി മറ്റു ഭാഗങ്ങളിലേക്ക് തിരിയുന്നത് കൂടുതല്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കും.നിലമ്പൂര്‍ മേഖലയിലെയും വയനാട്ടിലെയും പുഴകളുടെ ഗതി മാറ്റമാണ് വലിയ തിരിച്ചടിയായത്. പുഴയ്ക്ക് ഒഴുകാന്‍ സ്ഥലമില്ലാതെ വന്നതോടെ വാസസ്ഥലത്തിലൂടെയും കൃഷിയിടത്തിലൂടെയുമൊക്കെയായി ഒഴുക്ക്.

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടിയതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ചാലിയാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് നശിച്ചിട്ടുണ്ട്. ഭാരതപ്പുഴയില്‍ മണല്‍ വന്നടിഞ്ഞതിനാല്‍ പുഴ ഗതിമാറിയൊഴുകി. നിലമ്പൂര്‍ വയനാട് മേഖലയില്‍ മാത്രം ആയിരത്തിലേറെ ഏക്കര്‍ ഭൂമി നശിച്ചു.

Exit mobile version