കുത്തിയൊലിച്ചെത്തിയ മണ്ണില്‍ എന്തോ ആപത്തുണ്ടെന്ന് തോന്നി; കവളപ്പാറയിലെ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആദിവാസി കുടുംബം

ഏഴര ഏഴേമുക്കലോടെ തങ്ങളുടെ വീടിന് പരിസരത്തേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളത്തിന്റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ നിമിഷങ്ങള്‍ക്കകം വീട്ട് വിട്ട് ഓടുകയായിരുന്നു കുട്ടനും ഭാര്യ വിജിയും മക്കളും

മലപ്പുറം: ദുരന്തം വിതച്ച കവളപ്പാറയില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുട്ടനും കുടുംബവും. സംഭവ ദിവസം ഏഴര ഏഴേമുക്കലോടെ തങ്ങളുടെ വീടിന് പരിസരത്തേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളത്തിന്റെ മണത്തില്‍ അസ്വാഭാവികത തോന്നിയതോടെ നിമിഷങ്ങള്‍ക്കകം വീട്ട് വിട്ട് ഓടുകയായിരുന്നു കുട്ടനും ഭാര്യ വിജിയും മക്കളും. ശേഷം മിനിട്ടുകള്‍ക്കകം കുട്ടന്റെ വീട് ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്ന വീട് മണ്ണിനടിയിലായിലാവുകയായിരുന്നു.

ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടന് കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ എന്തോ ആപത്ത് സംഭവിക്കാന്‍ പോകുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. കുട്ടനും കുടുംബത്തിനും ജീവന്‍ തിരികെ ലഭിച്ചെങ്കിലും തൊട്ടുമുകളില്‍ താമസിച്ചിരുന്ന അച്ഛനും അമ്മയെയും രക്ഷിക്കാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ഇപ്പോള്‍. ‘എന്റെ അച്ഛനുമമ്മേം പോയിട്ടേ .. പോയിട്ടേ’;. അവര്‍ ഇപ്പോഴും മണ്ണിനടിയിലാണെന്ന് വിങ്ങുന്ന ഹൃദയവുമായി കണ്ണുകള്‍ തുടച്ച് കുട്ടന്‍ പറഞ്ഞു. കവളപ്പാറയ്ക്ക് സമീപമുള്ള പൂളപ്പാടം ദുരിതാശ്വാസ ക്യാമ്പിലാണ് കുട്ടനും വിജിയും രണ്ട് മക്കളും ഇപ്പോഴുള്ളത്.

Exit mobile version