കണ്ടപ്പാടെ കൈയ്യിലേയ്ക്ക് ചാടി; അമ്മ വിളിച്ചിട്ടും തിരികെ പോകാതെ പോലീസ് മാമന്റെ കൈകളില്‍ ‘ഉറച്ച്’ മേഘ്‌ന

തമിഴ് ദമ്പതികളുടെ മകളായ മേഘ്‌നയ്ക്ക് ഏഴു മാസം മാത്രമാണ് പ്രായം.

കൊച്ചി: കാക്കി വസ്ത്രം, പോലീസ്, ജീപ്പ് തുടങ്ങിയവ കണ്ടാല്‍ കുട്ടികള്‍ പിന്നെ ആ ഭാഗത്തേയ്ക്ക് തന്നെ പോകുകയില്ല. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ബഹുമാനം കൊണ്ടുള്ള പേടിയും. വാശി പിടിച്ച് കരയുന്ന കുഞ്ഞിനെ കണ്ടാല്‍ പോലീസിനെ പിടിച്ചു കൊടുക്കട്ടെ എന്നു പറഞ്ഞ് പേടിപ്പിച്ച് നിര്‍ത്തുന്ന മാതാപിതാക്കളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വാചകങ്ങള്‍ക്കെല്ലാം അര്‍ത്ഥമില്ലാതെയാക്കിയിരിക്കുകയാണ് എറണാകുളം പാതാളം ഗവ. എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കുഞ്ഞു മേഘ്‌ന. വെള്ളംകയറിയ വീട്ടില്‍ നിന്ന് അമ്മയ്‌ക്കൊപ്പം എത്തിയതാണ് ഈ കുട്ടി കാന്താരി.

തമിഴ് ദമ്പതികളുടെ മകളായ മേഘ്‌നയ്ക്ക് ഏഴു മാസം മാത്രമാണ് പ്രായം. സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി എത്തിയ എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ കൈകളിലേയ്ക്ക് കണ്ടപ്പാടെ ചാടുകയായിരുന്നു ഇവള്‍. നിറഞ്ഞ ചിരിയോടെ ലാല്‍ജി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. ‘എന്റെ കൈയില്‍ കുഞ്ഞുങ്ങള്‍ വന്നാല്‍ പിന്നെ തിരികെ പോകില്ല, അറിയണമെങ്കില്‍ ഒന്ന് വിളിച്ചുനോക്കൂ…’ എന്നായി അദ്ദേഹം. അമ്മ സരത്തു വിളിച്ചുനോക്കി. പക്ഷേ യാതൊരു കുലുക്കവും മേഘ്‌നയ്ക്ക് ഇല്ല. അവള്‍ ലാല്‍ജിയുടെ തോളിലേയ്ക്ക് ചാഞ്ഞു കിടന്നു.

ചുറ്റും കൂടിനിന്ന മറ്റു പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും അത് കൗതുകം ഉണര്‍ത്തുന്ന കാഴ്ച കൂടിയായിരുന്നു. ശേഷം ക്യാംപ് മുഴുവനും മേഘ്‌ന പോലീസ് ഉദ്യോഗസ്ഥന്റെ കൈകളില്‍ ഇരുന്ന് ചുറ്റി കണ്ടു. ശേഷം മടങ്ങാന്‍ നേരവും അവള്‍ക്ക് യാതൊരു ഭാവവും ഇല്ല. വാഹനത്തില്‍ കയറിയ ലാല്‍ജിയുടെ മടയില്‍ കയറി കുട്ടി കാന്താരി ഇടംപിടിച്ചു. ആരു വിളിച്ചിട്ടും മേഘ്‌ന പോകുവാന്‍ തയ്യാറായില്ല. ഒടുവില്‍ അമ്മ സരത്തു ബലംപിടിച്ച് വാങ്ങുകയായിരുന്നു.

Exit mobile version