ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിയെത്തി പ്രദേശവാസികള്‍; കുര്‍ബാനയും പെരുന്നാളും ഒഴിവാക്കി, അഭയമേകി സെന്റ് ലൂക്ക്‌സ് സിഎസ്‌ഐ ദേവാലയം

കൊക്കയാര്‍: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിയെത്തി പ്രദേശവാസികള്‍ക്ക് അഭയം നല്‍കി സെന്റ് ലൂക്ക്‌സ് സിഎസ്‌ഐ ദേവാലയം. കുര്‍ബാനയും പെരുന്നാളും മാറ്റിവെച്ചാണ് ജാതിഭേദ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് അഭയം നല്‍കിയത്. ഞായറാഴ്ചത്തെ കുര്‍ബാന മുതല്‍ 18നു നടത്തേണ്ടിയിരുന്ന പ്രതിഷ്ഠാദിനപ്പെരുന്നാള്‍ വരെ ഉപേക്ഷിച്ചാണു ദേവാലയം ദുരിതാശ്വാസ ക്യാംപിനായി വിട്ടുനല്‍കിയത്.

4 ദിവസമായി 48 കുടുംബങ്ങളില്‍ നിന്നായി 156 പേരാണ് ഇവിടെ കഴിയുന്നത്. ഇതില്‍ 25 കുട്ടികളും ഉള്‍പ്പെടും. പള്ളിയോടു ചേര്‍ന്ന ഓഫിസ് മുറി മരുന്നുവിതരണത്തിനും മറ്റുമായി ആരോഗ്യ വകുപ്പിനും വിട്ടുനല്‍കിയിട്ടുണ്ട്. ഭക്ഷണത്തിനായി പള്ളിസ്ഥലത്തെ കപ്പ ഉള്‍പ്പെടെ പറിച്ച് എത്തിക്കുന്നതിന്റെ തിരക്കിലാണ് ഇടവക വികാരി റവ. പി.കെ.സെബാസ്റ്റ്യന്‍, പള്ളി സെക്രട്ടറി പി.ജെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം.

സഭയിലെ യുവജനങ്ങള്‍ ഉള്‍പ്പെടെ രണ്ടു ഡസനോളം പേര്‍ സന്നദ്ധസേവനത്തിനായി ഇറങ്ങിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ദൗത്യസംഘത്തിന് ഉള്‍പ്പെടെ ഭക്ഷണം ഒരുക്കി നല്‍കുന്നതും ദേവാലയ വളപ്പിലാണ്.

Exit mobile version