അയ്യപ്പസേവാ സംഘം അന്താരാഷ്ട്ര കൊള്ളക്കാരുടെ പിടിയില്‍; നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടാക്കിയത് മനഃപൂര്‍വ്വം; ആരോപണവുമായി ജില്ലാഭാരവാഹികള്‍; വെട്ടിലായി ഭരണ നേതൃത്വം

ഏഴായിരം കോടി ആസ്തിയുള്ള അഖില ഭാരത അയ്യപ്പസേവാസംഘത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി ഒരാളാണ് സംഘത്തിന്റെ സെക്രട്ടറി. വരവ്- ചെലവ് കണക്കുകള്‍ എഴുതാറില്ല.

കണ്ണൂര്‍: അയ്യപ്പസേവാ സംഘത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച് ജില്ലാഭാരവാഹികള്‍. നിലവില്‍ അയ്യപ്പസേവാ സംഘം അന്താരാഷ്ട്ര കൊള്ളക്കാരുടെ പിടിയിലാണെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം കണ്ണൂര്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി മണികണ്ഠന്‍ നായര്‍ ആരോപിച്ചു. ദേവികുളം യൂണിയന്‍ വൈസ് പ്രസിഡന്റ് സിഎം സാലിമോനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണവുമായി മണികണ്ഠന്‍ രംഗത്തെത്തിയത്.

ശബരിമല സന്നിധാനത്ത് വലിയ അഴിമതി നടക്കുന്നുവെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഏഴായിരം കോടി ആസ്തിയുള്ള അഖില ഭാരത അയ്യപ്പസേവാസംഘത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി ഒരാളാണ് സംഘത്തിന്റെ സെക്രട്ടറി. വരവ്- ചെലവ് കണക്കുകള്‍ എഴുതാറില്ല.

കഴിഞ്ഞ മാസം 23-ന് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. സ്വയം ഭാരവാഹികളായ തെന്നല ബാലകൃഷ്ണപിള്ളയും മറ്റു ഭാരവാഹികളും രാജിവെച്ച് തെരഞ്ഞെടുപ്പ് നടത്തണം. സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റ് മോഹന്‍ കെ നായര്‍, ദേശീയ പ്രവര്‍ത്തകസമിതി യോഗം വികെ രാജഗോപാല്‍, പ്രത്യേക ക്ഷണിതാവ് മുല്ലക്കല്‍ ശശികുമാര്‍, കുട്ടനാട് യൂണിയന്‍ സെക്രട്ടറി എന്‍ആര്‍സി കുറുപ്പ്, റാന്നി യൂണിയന്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല തുടങ്ങിയവരാണ് ആചാര സംരക്ഷണ സമിതിയ്ക്ക് രൂപം നല്‍കി.

ഇവര്‍ നേതൃത്വം കൊടുത്ത സമരമാണ് തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ നിലയ്ക്കലില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയും അനുമതി വാങ്ങുകയും ചെയ്യാതെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പന്തളം കൊട്ടാരം നിര്‍വാഹകസമിതിയെ കൂട്ടുപിടിച്ച് നിലയ്ക്കലില്‍ ഷെഡ് കെട്ടി നാമജപസമരം നടത്തുകയായിരുന്നു.

സുപ്രീംകോടതി വിധിക്കെതിരെ ഭക്തജനവികാരം ഇളക്കിവിട്ടതും ഇവരാണെന്നും ഇരുവരും ആരോപിച്ചു. ഭാരവാഹികള്‍ നടത്തിയ സാമ്പത്തിക അഴിമതിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിയ്ക്കും നിവേദനം നല്‍കുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Exit mobile version