ഓടിനടക്കുന്നതിനിടെ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ, ഈ സ്നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്; അനുഭവം പങ്കുവെച്ച് കളക്ടര്‍ സുഹാസ്

മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൊച്ചി: ‘ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം’ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് തന്റെ പ്രളയകാലത്തെ അനുഭവം പങ്കുവെച്ചത് ഇപ്രകാരമായിരുന്നു. സംസ്ഥാനത്തെ വലച്ച രണ്ടാം വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലെ സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്താനെത്തിയ വേളയില്‍ ഭക്ഷണവുമായി ഓടിയെത്തിയ അമ്മമാരുടെ സ്‌നേഹത്തെ കുറിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ഓടിനടക്കുമ്പോള്‍ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചുവെന്ന് കളക്ടര്‍ കുറിച്ചു. ഇല്ല എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞ ഉടനെ ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് അമ്മ പറയുകയായിരുന്നുവെന്ന് സുഹാസ് പറയുന്നു.

ആ സമയം കൊണ്ട് ഒരു ക്യാംപുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഉടനെ ഭക്ഷണവുമായി എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം .

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളില്‍ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്‌കൂളില്‍ എത്തിയത് . വില്ലജ് ഓഫീസറുടെയും വാര്‍ഡ് മെമ്പറുടെയും നേതൃത്വത്തില്‍ മികച്ച സേവനമാണ് ഇവിടെ നല്‍കുന്നതെന്ന് മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങള്‍ക്കിടയിലും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദര്‍ശിക്കാമെന്നു പറഞ്ഞപ്പോള്‍ ഇങ്ങനെ ഓടി നടക്കാന്‍ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി.

ഈ സ്‌നേഹത്തിനു മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊര്‍ജം . ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കില്‍ മര്യാദ അല്ല എന്ന് തോന്നി. മഴയൊന്നു മാറി ഇവര്‍ സ്വന്തം വീടുകളില്‍ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.
#Collector #Ernakulam #Reliefcamp #Love #Letshelp

Exit mobile version