ഈ സ്‌നേഹമാണെന്റെ ഊര്‍ജം! ക്യാമ്പില്‍ ദുരിതബാധിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് എറണാകുളം കലക്ടര്‍; ജനമനസ്സുകള്‍ കീഴടക്കി വീണ്ടും സുഹാസ് ഐഎഎസ്

കൊച്ചി: പ്രളയം ബാക്കിയാക്കുന്നത് കണ്ണീരില്‍ കുതിര്‍ന്ന ജീവിതങ്ങള്‍ മാത്രമല്ല, മനുഷ്യത്വം മരവിച്ചിട്ടില്ലെന്നും കൂടിയാണ്. രക്ഷാപ്രവര്‍ത്തനത്തിലെയും ക്യാമ്പുകളിലെയും മ സഹജീവി സ്‌നേഹത്തിന്റെ പലകാഴ്ചകളും മനസ്സില്‍ തട്ടിനില്‍ക്കുന്നവയാണ്. പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്ന കലക്ടര്‍മാരും താരങ്ങളായിരുന്നു.
അത്തരത്തില്‍ ദുരിതബാധിതര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കുന്ന എറണാകുളം കലക്ടര്‍ എസ് സുഹാസ് ഐഎഎസാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശിക്കുകയും, അവിടെയുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും, അവരില്‍ ഒരാളായി അവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്താണ് സുഹാസ് ഐഎഎസ് ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. എറണാകുളത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ഏലൂരിലെ ഫാക്ട് സ്‌കൂളില്‍ എത്തിയ സുഹാസ് അവിടത്തെ തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞപ്രളയ സമയത്ത് ആലപ്പുഴയിലെ ജില്ലാ കളക്ടര്‍ ആയിരുന്നു സുഹാസ്. അന്ന് അദ്ദേഹം ആലപ്പുഴയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനീയമായിരുന്നു പ്രളയക്കെടുതിയില്‍ നിന്ന് ആലപ്പുഴയെ കൈപിടിച്ചുയര്‍ത്തിയതില്‍ പ്രധാന പങ്ക് ജില്ലാ കലക്ടറായ സുഹാസിന്റേത് തന്നെയായിരുന്നു എന്ന് ആലപ്പുഴക്കാര്‍ അടക്കമുള്ളവര്‍ പറയുന്നു.

”ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം

ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ FACT ടൗണ്ഷിപ് സ്കൂളിൽ എത്തിയത് . വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നകുന്നതെന്നു മനസിലാക്കി.

ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്നേഹമാണെന്റെ ഊർജം . ഈ സ്നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.

മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു”.

Exit mobile version