ആശങ്ക പെയ്‌തൊഴിയുന്നില്ല; തീരത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നു; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ ഇന്ന് മഴ പെയ്‌തേക്കും. വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ 3.1 മുതൽ 5.8 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇപ്പോൾ ചുഴി രൂപം കൊണ്ടിരിക്കുന്നത്.അടുത്ത 24 മണിക്കൂറിൽ ഈ ചുഴി ന്യൂനമർദ്ദമായി വികാസം പ്രാപിക്കും.

ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളിൽ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കൻ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴയായിരിക്കില്ല ഇക്കുറിയെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Exit mobile version