മഹാപ്രളയത്തില്‍ ജനനം, അതിജീവിക്കാന്‍ ഇടം തേടി കുഞ്ഞ്മാലാഖ

കൊച്ചി: മഹാപ്രളത്തിന്റെ മുറിവുകളില്‍ നിന്നും കേരളം അതിജീവിക്കുന്നതിനിടെയാണ് വീണ്ടും കനത്തമഴ ദുരിതമായി പെയ്തിറങ്ങിയത്. നാടെങ്ങും അതിജീവനത്തിന്റെ കാഴ്ചകളാണ്. എറണാകുളം കുറുമശ്ശേരിയില്‍ മഹാപ്രളയത്തില്‍ ജനിച്ച ഒരുവയസ്സുകാരി കുഞ്ഞ് കൃപാമരിയയും ജീവിക്കാനുള്ള അതിജീവനപാതയിലാണ്.

കുറുമശ്ശേരി ആനപ്പാറ മധുരപ്പുറത്തെ അരീക്കല്‍ ജെയിംസിനും ലാലിയ്ക്കും 22 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്‍മണിയാണ് കൃപാമരിയ. ഇത്തവണയും മഴ ആര്‍ത്തലച്ച് പെയ്തപ്പോള്‍, വീട്ടിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുയര്‍ന്നതോടെ കുഞ്ഞുമായി സുരക്ഷിതസ്ഥാനത്തേക്ക് മാറിയിരിക്കുകയാണ് ഇരുവരും.

അടുത്തുള്ള അനിയന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി തത്കാലം കയറിയിരിക്കുന്നത്. ഇവിടേക്കും വെള്ളം കയറിയാല്‍ ഈ കുഞ്ഞിനെയും കൊണ്ട് ഇനി എങ്ങോട്ട് പോകുമെന്ന് ഞങ്ങള്‍ക്കറിയില്ല…’ -ജെയിംസ് പറയുന്നു.

കുഞ്ഞിന്റെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ വെള്ളം കയറി നശിച്ചതിന്റെ സങ്കടത്തിലാണ് ലാലി. ‘കൈയില്‍ കിട്ടിയ കുറച്ചു സാധനങ്ങള്‍ മാത്രമെടുത്താണ് വീട്ടില്‍ നിന്നിറങ്ങിയത്. ഞങ്ങളുടെ 97 വയസ്സുള്ള അമ്മച്ചി ത്രേസ്യ വീണ് അരക്കെട്ടിലെ എല്ലൊടിഞ്ഞ്, ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയാണ്. അനിയന്റെ വീട്ടില്‍ വെള്ളം കയറിയാല്‍ കുഞ്ഞിനേയും അമ്മച്ചിയേയും കൊണ്ട് വേറെ എങ്ങോട്ടെങ്കിലും പോകേണ്ടി വരും…’ -ലാലി കണ്ണീരോടെ പറയുന്നു.

ഇനി വെള്ളമിറങ്ങിയാലും ചെളിയും പാമ്പും പഴുതാരയുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുള്ള വീട്ടില്‍ കുഞ്ഞിനെ എങ്ങനെ വിശ്വസിച്ച് കിടത്തിയുറക്കും, ആശങ്കകള്‍ ഒഴിയുന്നില്ല ഇരുവര്‍ക്കും. ജെയിംസിന് 57-ാം വയസ്സില്‍ പിറന്ന കുഞ്ഞ് മാലാഖയാണ് കൃപാമരിയ.

Exit mobile version