സഹായിക്കാൻ പ്രത്യേക ചിഹ്നങ്ങളുമായി ക്യാംപുകളിലേക്ക് എത്തുന്നവരോട് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി

സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലുമൊരു ക്യാംപിൽ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷൻ സെന്ററുകളിൽ എത്തിച്ചാൽ മതി.

തിരുവനന്തപുരം: കേരള മറ്റൊരു മഴക്കെടുതി കാലത്തെ നേരിടുന്നതിനിടെ ദുരന്തബാധിതരെ സഹായിക്കാനായി പൊതുജനങ്ങൾ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സഹായിക്കാൻ താൽപര്യമുള്ളവരിൽ ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാംപിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

എല്ലാ ക്യാംപുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാൻ ജനം തയ്യാറാവകണം. ക്യാംപുകളിൽ കഴിയുന്നവരെ സഹായിക്കാനായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. സാധനങ്ങൾ സമാഹരിച്ച് ഏതെങ്കിലുമൊരു ക്യാംപിൽ എത്തിക്കുന്നതിന് പകരം അതത് ജില്ലകളിലെ കളക്ഷൻ സെന്ററുകളിൽ എത്തിച്ചാൽ മതി. അവിടുന്ന് അത് ആവശ്യമായ സ്ഥലങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാംപിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാംപിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട ചുമതല പോലീസിനാണ്. ക്യാംപുകളുടെ ചുമതല റവന്യൂ വകുപ്പിനും. അവിടെയുള്ള സഹായങ്ങളൊരുക്കുന്നതിന് തദ്ദേശ സ്വയംഭരണം വകുപ്പിനും ചുമതലയുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ക്യാമ്പുകളിൽ ഉണ്ടാകുന്നുണ്ട്. ഇത് തടയാൻ പോലീസിന് കഴിയണം. ദുരിതാശ്വാസ ക്യാംപിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാംപ് സന്ദർശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version