അടിച്ച് ഫിറ്റായപ്പോള്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു; നാലടിയോളം വെള്ളംപൊങ്ങിയ റോഡിലേയ്ക്ക് കാര്‍ ഓടിച്ച് ഇറക്കി, ഒടുവില്‍ യുവാക്കള്‍ക്ക് രക്ഷകരായി നാട്ടുകാര്‍

നഗരത്തോട് ചേര്‍ന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

ആലുവ: മഹാപ്രളയം എന്ന കെടുതിയില്‍ നിന്ന് കരകയറി വര്‍ഷം ഒന്ന് തികയുമ്പോഴാണ് മറ്റൊരു പ്രളയം കൂടി വന്ന് കേരളത്തെ നാമവശേഷമാക്കിയത്. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുവാനുള്ള പരക്കം പാച്ചിലിലാണ് ഇന്ന് നാം. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന മറ്റൊരു കൂട്ടരും നമുക്ക് ഇടയില്‍ ഉണ്ട്. ഉള്ളതെല്ലാം നഷ്ടപ്പെട്ട് ജീവന്‍ കൈയ്യില്‍ പിടിച്ച് നാലു പാടും ഓടുമ്പോഴാണ് മറ്റ് ചിലര്‍ കളിയായി കാണുന്നത്.

അത്തരത്തിലൊരു കളിയാണ് ആലുവയില്‍ നിന്നും വരുന്നത്. മദ്യലഹിരിയില്‍ ആയിരുന്ന രണ്ട് യുവാക്കള്‍ നാലടിയോളം വെള്ളം പൊങ്ങിയ റോഡിലേയ്ക്ക് ഓടിച്ചിറക്കുകയായിരുന്നു. നഗരത്തോട് ചേര്‍ന്ന് എടയപ്പുറം ടൗണ്‍ഷിപ്പ് റോഡില്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഉടനെ നാട്ടുകാരും പോലീസും എത്തി. ഇരുവരെയും പിടിച്ചു കയറ്റി, ശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

നേതാജി റോഡ് വഴി എത്തിയ സ്വിഫ്റ്റ് കാറാണ് വെള്ളംപൊങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ മുന്‍പോട്ട് പോയത്. 50 മീറ്റര്‍ ആയപ്പോഴേക്കും എന്‍ജിന്‍ നിന്നു. കാര്‍ പൂര്‍ണ്ണമായും വെള്ളത്തിലാവുകയും ചെയ്തു. ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ സാഹസികമായി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചു കയറ്റുകയും ചെയ്തു. എടയപ്പുറം, ഏലൂര്‍ സ്വദേശികളായിരുന്നു ഇരുവരും.

സ്ഥലത്തില്ലാതിരുന്നതിനാല്‍ റോഡ് വെള്ളത്തില്‍ മുങ്ങിയത് അറിയില്ലായിരുന്നുവെന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയ വിശദീകരണം. ടൗണ്‍ഷിപ്പ് റോഡിന് ഇരുവശവും പാടശേഖരമാണ്. പാടശേഖരവും സമീപത്തെ തോടും നിറഞ്ഞാണ് റോഡ് മുങ്ങുന്നത്. റോഡും പാടശേഖരവും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ശേഷം നാട്ടുകാര്‍ ചേര്‍ന്ന് തന്നെയാണ് കാര്‍ കരയ്ക്ക് എത്തിച്ചത്.

Exit mobile version