ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് കുറിപ്പ്; 25000 രൂപ കെട്ടിവെയ്ക്കാന്‍ സൂര്യന്‍ ഭട്ടതിരിപ്പാടിനോട് കോടതി

പോസ്റ്റ് കണ്ട ഉടനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

കോട്ടയം: പ്രളയ ദുരിതാശ്വസ ഫണ്ടിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പ് ഇട്ട കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25000 രൂപ കെട്ടിവെയ്ക്കാന്‍ കോടതിയുടെ നിര്‍ദേശം. പോസ്റ്റ് കണ്ട ഉടനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പോലീസ് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതില്‍ ജാമ്യം തേടി എത്തിയ ഭട്ടതിരിപ്പാടിനോട് 25000 രൂപ കെട്ടിവെയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഭട്ടതിരിപ്പാടിന് ജാമ്യം അനുവദിച്ചത്. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇയാളുടെ പോസ്റ്റിനെതിരെ ഡിവൈഎഫ്‌ഐ കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു പരാതി നല്‍കിയത്.

ഗാന്ധി നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപി സലി 153, കേരള പോലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. പരാതിയെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതി പിന്‍വലിക്കാന്‍ തയ്യറായിരുന്നില്ല. തുടര്‍ന്നാണ് ജാമ്യം തേടി കോടതിയില്‍ എത്തിയത്.

Exit mobile version