ഒന്നനങ്ങിയാല്‍ എല്ല് പൊട്ടും; വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ മകനെ ഓര്‍ത്ത് പകച്ച് നിന്ന് ലാലി, അനക്കം പോലും തട്ടാതെ പുറത്തെത്തിച്ച് യുവാക്കള്‍

തളര്‍ന്നുകിടക്കുന്ന മെല്‍ബിനെയും അമ്മ ലാലിയെയും യുവാക്കള്‍ വീടിനു പിറകിലൂടെ ഒരുവിധം പുറത്തെത്തിച്ചു.

അങ്കമാലി: വാടക വീടിനു ചുറ്റം വെള്ളം നിറഞ്ഞു. ജന്മനാ തളര്‍ന്നു പോയ മകനെ നോക്കി പകച്ച് നിന്ന ലാലിക്ക് ആശ്വാസമായി സാമൂഹ്യ സേവകരായ യുവാക്കള്‍. ഒരനക്കം തട്ടിയാല്‍ എല്ല് പൊട്ടുന്ന അവസ്ഥയാണ് മകന്‍ മെല്‍ബിന്. എങ്ങനെ മകനെ എടുത്ത് പുറത്ത് കടക്കും എന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് രക്ഷകരായി ഒരുപറ്റം യുവാക്കള്‍ എത്തിയത്. ഇതോടെ ലാലിക്കും സമാധാനം ആയി.

തളര്‍ന്നുകിടക്കുന്ന മെല്‍ബിനെയും അമ്മ ലാലിയെയും യുവാക്കള്‍ വീടിനു പിറകിലൂടെ ഒരുവിധം പുറത്തെത്തിച്ചു. ശേഷം ഓട്ടോറിക്ഷയില്‍ ഇവരെ ലാലിയുടെ സഹോദരന്‍ ബെന്നിയുടെ വീട്ടിലെത്തിച്ചു. ഒരനക്കം പോലും തട്ടാതെയാണ് ഇരുവരെയും യുവാക്കള്‍ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയത്. മകനെയും കൊണ്ട് ദുരിതാശ്വാസ ക്യാംപില്‍ പോകാന്‍ കഴിയാത്തതിനാല്‍ ചമ്പന്നൂര്‍ പാറപ്പുറത്തുള്ള ബെന്നിയുടെ വീട്ടിലാണ് ലാലിയും മെല്‍ബിനും താമസിക്കുന്നത്.

ചമ്പന്നൂര്‍ നിവാസികളായ റിന്‍സ്, അനീഷ്, സിനോജ് എന്നിവര്‍ ചേര്‍ന്നാണ് ലാലിക്കും മെല്‍ബിനും തുണയായത്. ലാലിയുടെ വീട്ടിലേക്ക് വെള്ളം കയറിയില്ല. എന്നാല്‍ വീട്ടിലേക്കുള്ള വഴി വെള്ളത്തില്‍ മുങ്ങിയതോടെ പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലാതെയായി. ഇതാണ് ലാലിയെയും ആശങ്കയിലാക്കിയത്.

Exit mobile version