കുലംകുത്തി ഒഴുകുന്ന പുഴയ്ക്ക് കുറുകേ റോപ്പിലൂടെ ഗര്‍ഭിണിയെയും കൈകുഞ്ഞിനെയും രക്ഷപെടുത്തി; അവിശ്വസനീയ രക്ഷാപ്രവര്‍ത്തനം

ഭവാനിപ്പുഴയില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്നാണ് എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീ ഊരില്‍ കുടുങ്ങിപ്പോയത്

പാലക്കാട്: കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടി , ഗര്‍ഭിണിയെ സാഹസികമായി രക്ഷപെടുത്തി രക്ഷാപ്രവര്‍ത്തകര്‍. അട്ടപ്പാടി അഗളിയില്‍ കുടുങ്ങിയ ഗര്‍ഭിണിയെയാണ് നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തകരും കൂടി രക്ഷപെടുത്തിയത്.

ഭവാനിപ്പുഴയില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്നാണ് എട്ട് മാസം ഗര്‍ഭിണിയായ സ്ത്രീ ഊരില്‍ കുടുങ്ങിപ്പോയത്. ഗര്‍ഭിണിയെ കൂടാതെ കൈക്കുഞ്ഞിനെയും റോപ്പിലൂടെ രക്ഷപ്പെടുത്തി. അച്ഛന്റെ മടിയില്‍ ഇരുത്തിയാണ് ഒന്നര വയസ്സുള്ള കുട്ടിയേ പുറത്തെത്തിച്ചത്. ശ്വാസം അടക്കിപ്പിടിച്ചാണ് പുഴയ്ക്ക് അക്കരെ നിന്നവര്‍ ഈ കാഴ്ചകള്‍ കണ്ടുനിന്നത്.

പുഴക്ക് ഇക്കരെ എത്തിച്ച ഗര്‍ഭിണിയായ യുവതിയെയും കൈക്കുഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ വെള്ളം കയറുന്നതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഊരില്‍ കഴിയുന്നവര്‍ ആദ്യം അനുസരിച്ചിരുന്നില്ല.

അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഇത്തരത്തില്‍ ഒട്ടേറെ ആളുകള്‍ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. അട്ടപ്പാടിയിലെ ഊരുകളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്.

Exit mobile version