മഴക്കെടുതി; രക്ഷാപ്രവര്‍ത്തനത്തിന് ഒമ്പത് കോളം സൈനികരെ വിന്യസിച്ചു

മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഒമ്പത് കോളം സൈന്യത്തെ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിതായിട്ടാണ് പുതിയ വിവരം.

മൂന്ന് കോളം സൈന്യത്തെ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് നിയോഗിച്ചു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നാണ് ഇവര്‍ പോയിരിക്കുന്നത്. പാങ്ങോട് നിന്ന് പോയിരിക്കുന്ന ഓരോ സംഘത്തിലും 62 സൈനികര്‍ വീതമാണുള്ളത്.

കണ്ണൂരില്‍ നിന്ന് ഓരോ കോളം സൈന്യത്തെ വീതം വയനാട്, കണ്ണൂര്‍, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഒരു കോളം സൈന്യത്തെ കുടകിലെ വിരാജ് പേട്ടിലും വിന്യസിച്ചിട്ടുണ്ട്. ഓരോ കോളത്തിലും അറുപത് സൈനികര്‍ വീതമാണുള്ളത്.

നിലവില്‍ തീരദേശ സംരക്ഷണ സേനയുടെ 16 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. തീരദേശ സംരക്ഷണ സേനയുടെ മുന്ന് ടീമുകള്‍ ബേപ്പൂരിലുണ്ട്. ഇവര്‍ ഇതുവരെ 500 പേരെ രക്ഷിച്ചു. കൊച്ചിയില്‍ 10 ടീമുകളെയും വിഴിഞ്ഞത്ത് മൂന്നു ടീമുകളെയും തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

ഇവ കൂടാതെ വ്യോമസേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഗ് 17 വിമാനങ്ങളും ഹെലികോപ്ടറുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

Exit mobile version