നാളെ സംസ്ഥാനമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിച്ചോ? വിശ്വസിക്കരുത് അത് വ്യാജമെന്ന് എംഎം മണി

തൃശ്ശൂർ: സംസ്ഥാനത്തൊട്ടാകെ നാളെ വൈദ്യുതി മുടങ്ങുമെന്ന വ്യാജപ്രചരണം. സാമൂഹിക മാധ്യമങ്ങളിലൂടേയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎ മണി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നാളെ സംസ്ഥാനമെമ്പാടും വൈദ്യുതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തിൽ വീഴരുത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത്.’ എന്നാണ് മന്ത്രി കുറിപ്പിൽ പറയുന്നത്.

അതേസമയം, കനത്തമഴ തുടരുന്ന സാചഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച(10- 08 -19) ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും 9 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള 2 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലർട്ടുള്ള ജില്ലകളിൽ എല്ലാം നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒൻപത് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കടുത്ത കാലവർഷക്കെടുതി നേരിടുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചതും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്ക ഇരട്ടിപ്പിക്കുന്നു.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാംപുകൾ തയ്യാറാക്കുക ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാൽ കേരള ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങൾ ജനങ്ങൾ കൃത്യമായും പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നു.

Exit mobile version