സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വയനാട്, മലപ്പുറം ജില്ലകളെ ആശങ്കയിലാക്കി വീണ്ടും ജാഗ്രതാ നിർദേശം

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തു മിക്കയിടത്തും ശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് ശനിയാഴ്ച(10- 08 -19) ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും 9 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള 2 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് 24 മണിക്കൂറിൽ 204 മില്ലി ലിറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലർട്ടുള്ള ജില്ലകളിൽ എല്ലാം നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒൻപത് മണിക്ക് സംസ്ഥാനത്തെ കാലാവസ്ഥ വിലയിരുത്തിയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒൻപത് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കടുത്ത കാലവർഷക്കെടുതി നേരിടുന്ന വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചതും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്ക ഇരട്ടിപ്പിക്കുന്നു.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാംപുകൾ തയ്യാറാക്കുക ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാൽ കേരള ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങൾ ജനങ്ങൾ കൃത്യമായും പാലിക്കണമെന്ന് അധികൃതർ അറിയിക്കുന്നു.

Exit mobile version