റോഡില്‍ വെള്ളം; മുവാറ്റുപുഴയില്‍ യാത്രക്കാരുമായി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റാണ് ഓട്ടത്തിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങി പോയത്.

മൂവാറ്റുപുഴ: എഞ്ചിനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടി ബസ് വെള്ളത്തില്‍ കുടുങ്ങി. പുലര്‍ച്ചെ നാലോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മുവാറ്റുപുഴയ്ക്ക് അടുത്ത് കാരക്കുന്നത്തായിരുന്നു സംഭവം. 42 യാത്രക്കാരുമായി സഞ്ചരിച്ച ബസില്‍, പകുതിയോളം വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളെത്തി ബസില്‍ കുടുങ്ങിയ 42 യാത്രക്കാരെയും രക്ഷപ്പെടുത്തി.

തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റാണ് ഓട്ടത്തിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങി പോയത്. പുഴ കരകവിഞ്ഞ് ഒഴുകി സമീപത്തെ റോഡില്‍ വെള്ളം കയറിയിരുന്നു. റോഡിലെ വെള്ളത്തിന്റെ ആഴം അറിയാതെ മുന്നോട്ടു പോയ ബസിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങി.

എഞ്ചിനില്‍ വെള്ളം കയറിയതോടെ വാഹനം നിന്നുപോയി. വെളിച്ചവും നിലച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തി.

മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ മുവാറ്റുപുഴയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
പലയിടങ്ങളും ഒറ്റപ്പെട്ടു. മുവാറ്റുപുഴ ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

Exit mobile version