വാഹനമോടിച്ചത് ശ്രീറാം മറന്നുപോയെന്ന് ഡോക്ടർമാർ

സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി ശ്രീറാം മറന്ന് പോകാനും ചിലപ്പോൾ സമ്മർദ്ദം ഒഴിയുമ്പോൾ പതിയെ ഓർത്തെടുത്തേക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് വാഹനമോടിച്ച സംഭവം ഓർമ്മയില്ലെന്ന് ഡോക്ടർമാർ. അദ്ദേഹത്തിന് അപകടം നടന്നതായി പോലും ഓർമ്മയില്ലെന്നാണ് ചികിത്സിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഓർമ്മ നഷ്ടപ്പെടുന്ന അവസ്ഥയായ റെട്രൊഗ്രേഡ് അംനേഷ്യ ആണെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ.

വലിയ എന്തെങ്കിലും ആഘാതം സംഭവിച്ച് കഴിഞ്ഞാൽ പിന്നാലെയെത്തുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി ശ്രീറാം മറന്ന് പോകാനും ചിലപ്പോൾ സമ്മർദ്ദം ഒഴിയുമ്പോൾ പതിയെ ഓർത്തെടുത്തേക്കാനും സാധ്യതയുണ്ട്.

അതേസമയം, തലകറക്കവും തലവേദനയും ഉണ്ടങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്റിലായിരിക്കെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ആന്തരിക പരിക്കുകൾ ഉണ്ടെന്നായിരുന്നു മാറ്റുന്ന സമയത്തെ വാദങ്ങൾ എന്നാൽ ഇപ്പോൾ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ, ട്രോമാ ഐസിയുവിൽ നിന്ന് ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്കാണ് ശ്രീറാമിനെ മാറ്റിയിരിക്കുന്നത്.

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ റിമാന്റിലായ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാമെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നു.

Exit mobile version