ശക്തിപ്രാപിച്ച് കാലവര്‍ഷം; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കോഴിക്കോട് 32 കുടുംബങ്ങളിലെ 132 പേര്‍ ദുരിതാശ്വാസ ക്യാംപില്‍

ശക്തമായ കാറ്റിലും മറ്റും പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. പുഴകളും അരുവികളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണം ഇന്ന് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മറ്റും പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മഴ കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി. ജില്ലയില്‍ ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂര്‍, മുക്കം, കാരശേരി, മാവൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലും സമാനമാണ്. കഴിഞ്ഞ ദിവസം രണ്ടിടത്താണ് ഉരുള്‍ പൊട്ടിയത്. അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ ഇതിനോടകം വെള്ളത്തിനിടയില്‍ ആയിരിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും വ്യാപകനാശനഷ്ടം ഉണ്ടായി. വയനാട് മേപ്പാടി പുത്തുമലയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ആളുകളെ മാറ്റി താമസിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Exit mobile version