പെന്‍ഷന്‍ കിട്ടിയ പണം നല്‍കിയില്ല; ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍, വീഡിയോ

പെന്‍ഷന്‍ കിട്ടിയ 30000 രൂപ കാന്താദേവിക്ക് കൊടുക്കണമെന്നാവിശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ചാന്ദ് ഭായ് പോലീസിന് മൊഴി നല്‍കി

ചണ്ഡീഗഡ്: ഹരിയാനയിലെ നര്‍നൗല്‍ മഹേന്ദ്രഘട്ടില്‍ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. എണ്‍പതുകാരിയായ ചാന്ദ് ഭായിയെ മരുമകള്‍ കാന്തദേവി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അമ്മായിയമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഇവരുടെ അയല്‍വാസിയാണ്.

സംഭവം പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. അതി ക്രൂരമായി മര്‍ദ്ദിക്കുകയും മുടി പിടിച്ച് വലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം കാന്താദേവി ഒളിവില്‍ പോയെങ്കിലും ശനിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായമേറിയ അമ്മായിയമ്മ ഒരു ബാധ്യതയാണെന്ന് കരുതിയാണ് ചാന്ദ് ഭായിയെ ഉപദ്രവിച്ചതെന്ന് കാന്താദേവി പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പെന്‍ഷന്‍ കിട്ടിയ 30000 രൂപ കാന്താദേവിക്ക് കൊടുക്കണമെന്നാവിശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ചാന്ദ് ഭായ് പോലീസിന് മൊഴി നല്‍കി. ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ചാന്ദ് ഭായിയ്ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും മരുമകള്‍ സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ചാന്ദ് ഭായി മൊഴി നല്‍കി.

സംഭവത്തെ തുടര്‍ന്ന് പ്രതികരണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രംഗത്തെത്തി. കാന്താദേവിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാരസമ്പന്നമെന്ന് കരുതുന്ന നമ്മുടെ സമൂഹത്തില്‍ ഇത്തരത്തിലുള്ള സംഭവം പരിതാപകരവും ദൗര്‍ഭാഗ്യകരവുമാണെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version