പികെ കുഞ്ഞനന്തന്റെ പരോളുകള്‍..! വിട്ടയയ്ക്കാനുള്ള നീക്കം ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: ടിപി വധക്കേസിലെ മുഖ്യപ്രതി പികെ കുഞ്ഞനന്തന്റെ അടിയന്തര പരോള്‍ 5 ദിവസം കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. സെപ്തംബര്‍ 21ന് ജയില്‍വകുപ്പ് 10 ദിവസത്തേക്ക് നല്‍കിയ അടിയന്തര പരോള്‍ പ്രത്യേക അധികാരമുപയോഗിച്ച് സര്‍ക്കാര്‍ 25 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ 16ന് 15 ദിവസത്തേക്ക് നീട്ടിയതിനു പുറമേയാണ് 5ദിവസം കൂടി നീട്ടി ഇന്നലെ ഉത്തരവിറങ്ങിയത്.

2014 ജനുവരിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോള്‍ ദിനം ഇതോടെ 389 ആയി.

രണ്ടുതവണയായി 45 ദിവസം ആശുപത്രിവാസവും അനുവദിച്ചിരുന്നു. പരോളിലിറങ്ങി ഏരിയാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. ജയില്‍ സൂപ്രണ്ടില്‍ നിന്ന് പരോള്‍ ലഭിക്കുന്ന തടവുകാരന് കാലാവധി നീട്ടണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നും ഇതുപ്രകാരമാണ് 15 ദിവസം കൂടി നല്‍കിയതെന്നുമാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. ഇതിന് ജയില്‍ സൂപ്രണ്ടിന്റെ ക്ലിയറന്‍സ് ആവശ്യമില്ല. നേരത്തേ കുഞ്ഞനന്തനെ പ്രായാധിക്യം ചൂണ്ടിക്കാട്ടി വിട്ടയയ്ക്കാനുള്ള നീക്കം ഗവര്‍ണര്‍ പി സദാശിവം തടഞ്ഞിരുന്നു.

Exit mobile version