ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് ഉണ്ടായ പൊന്നോമന മരിച്ചു; എന്റെ കുഞ്ഞിന്റെ നഷ്ടപ്പെട്ട ജീവന്‍ തിരിച്ച് തരാന്‍ നിനക്കു പറ്റുമോ..! ഒരമ്മയുടെ കണ്ണ് നനയിക്കുന്ന പ്രതിഷേധം..!

കോട്ടയം: ഒരമ്മയുടെ കണ്ണ് നനയിക്കുന്ന പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്. വയറുവേദനയെ തുടര്‍ന്ന് കോട്ടയം കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെണ്‍കുട്ടിയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ അമ്മയുടെ വൈകാരിക പ്രതിഷേധം.

ആര്‍പ്പൂക്കര പനമ്പാലം കാവില്‍ വീട്ടില്‍ എവി ചാക്കോ മറിയം ദമ്പതികളുടെ മകള്‍ എട്ടുവയസ്സുകാരി എയ്ന്‍ അല്‍ഫോണ്‍സ് ആണ് മരിച്ചത്. ഏഴ് വര്‍ഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവര്‍ഷത്തോളം ഞാന്‍ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ പറയുന്നു. അതേസമയം എന്റെ കുഞ്ഞിന്റെ നഷ്ടപ്പെട്ട ജീവന്‍ തിരിച്ച് തരാന്‍ നിനക്കു പറ്റുമോ എന്നും അമ്മ ചോദിച്ചു. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാന്‍ വളര്‍ത്തിയത്. ഇവള്‍ക്കു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാന്‍ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയില്‍ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്‌നെയുമായി മാതാവ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി.

എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ വര്‍ഷമാണ് കുട്ടിയുടെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്‌സാണ്.

Exit mobile version