ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണം; നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയും കുടുംബാംഗങ്ങളും, ബിഷപ്പിനെതിരെ കേരളത്തിലും ജലന്ധറിലും മൊഴിനല്‍കിയ വൈദികര്‍, കന്യാസ്ത്രീകള്‍, കുറവിലങ്ങാട്ടെ മഠം, സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ എന്നിവര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

വൈദികന്റെ മരണം സ്വാഭാവികമോ അസ്വാഭാവികമോ ആയാല്‍ പോലും സാക്ഷികളുടെ പിന്‍മാറ്റം കേസിനെ ദുര്‍ബലമാക്കുമെന്ന് ഇന്‍ന്റലിജന്‍സ് പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കടുത്ത നിലപാടെടുത്ത വൈദികന്റെ മരണത്തിന് ശേഷം ഫ്രങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ കൂടി ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, കേസ് നടത്താന്‍ പ്രത്യേക കോടതി വേണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണം കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറയുന്നത്.

Exit mobile version