എത്തിയത് കുഞ്ഞുങ്ങളുമായി ഭിക്ഷ യാചിക്കാന്‍; കൊണ്ടുപോയത് 44 പവനും 70,000 രൂപയും; ഒടുവില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍

മോഷണശേഷം കടന്നുകളഞ്ഞ സംഘത്തിനെ പിങ്ക് പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ഭിക്ഷാടനത്തിനായി കുട്ടികളുമായി വീട്ടിലെത്തിയ നാടോടി സ്ത്രീകള്‍ കവര്‍ന്നത് 44 പവനും 70,000 രൂപയും. മോഷണശേഷം കടന്നുകളഞ്ഞ സംഘത്തിനെ പിങ്ക് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണ് പിങ്ക് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ആറ്റിങ്ങലുള്ള വീട്ടില്‍ നിന്നാണ് ഇവര്‍ സ്വര്‍ണവും പണവും മോഷ്ടിച്ചത്.

കൈക്കുഞ്ഞുങ്ങളുമായി വീട്ടില്‍ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാര്‍ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു.

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. രാവിലെ ആറ്റിങ്ങല്‍ കോളജിന് സമീപം കോളജ് ഓഫ് സയന്‍സ് ട്യൂഷന്‍സെന്ററിന് എതിര്‍ വശത്തുള്ള രുഗ്മിണിയില്‍ എംഎസ് രാധാകൃഷ്ണന്‍ നായരുടെ വീട്ടില്‍നിന്നു പണവും സ്വര്‍ണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സംഘം പിടിയിലായത്.

മോഷണം ശേഷം വസ്ത്രം മാറി സംഘം ആറ്റിങ്ങലില്‍നിന്നു ബസില്‍ കയറി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇതിനിടെ മോഷണവിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

Exit mobile version