ഇന്ത്യയെയാകെ വേട്ടയാടുന്ന നീറുന്ന ഓര്‍മ്മയായി ‘നിര്‍ഭയ’ നടന്നിട്ട് ഇന്നേക്ക് ആറുവര്‍ഷം! മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ

ആറു വര്‍ഷം തികയുകയാണ് ആ പേടിപ്പെടുത്തുന്ന രാത്രിക്ക്. ഡല്‍ഹിയില്‍ ബസില്‍ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച 'നിര്‍ഭയ'യുടെ ഓര്‍മകള്‍ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാണ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ചുകെണ്ട് രാജ്യ തലസ്ഥാനത്തുകൂടെ ആ പെണ്‍കുട്ടിയുടെ നിലവിളി പാഞ്ഞുപോയ ദിവസം- 2012 ഡിസംബര്‍ 16, ഇന്നും ഒരു ഞെട്ടലോടെ ജനങ്ങള്‍ അത് ഓര്‍ക്കുന്നു. ആറു വര്‍ഷം തികയുകയാണ് ആ പേടിപ്പെടുത്തുന്ന രാത്രിക്ക്. ഡല്‍ഹിയില്‍ ബസില്‍ വച്ചു ക്രൂരമായ പീഡനത്തിനിരയായി മരിച്ച ‘നിര്‍ഭയ’യുടെ ഓര്‍മകള്‍ ഇന്നും രാജ്യത്തെ വേട്ടയാടുന്നതാണ്. ആ പെണ്‍കുട്ടിയുടെ അമ്മയും പറയുന്നു- ‘എന്റെ മകള്‍ക്കു നീതി കിട്ടിയിട്ടില്ല. അത്രയും നികൃഷ്ടമായ കുറ്റകൃത്യം നടത്തിയവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയുടെ പരാജയമാണിത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനു പിന്നാലെ എത്രയും പെട്ടെന്നു കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികളാണു പ്രതീക്ഷിക്കുന്നതെന്ന് ആശാദേവി വ്യക്തമാക്കിയിരുന്നു. ഇതു രാജ്യത്തെ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആശ്വാസം പകരുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുറ്റവാളികളെ എത്രയും പെട്ടെന്നു തൂക്കിലേറ്റണമെന്ന ഹര്‍ജി ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് സുപ്രീംകോടതി തള്ളി. അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണു ഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പിലാക്കാന്‍ വരുന്ന കാലതാമസം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആറു വര്‍ഷം മുന്‍പ് ആ രാത്രിയിലും അതിനു ശേഷവും എന്താണു സംഭവിച്ചത്?

2012 ഡിസംബര്‍ 16, രാത്രി 9.00 മണി,ഡല്‍ഹി വസന്ത് വിഹാര്‍

സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്നു ആ ഫിസിയോതെറപ്പി വിദ്യാര്‍ഥിനി. പതിവു സര്‍വീസ് നടത്തുന്ന ബസാണെന്നു കരുതി അവളും സുഹൃത്തും കയറിയത് ‘നരകവാഹന’ത്തില്‍. ബസിലുണ്ടായിരുന്ന ആറു പേര്‍ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്‌ക്കൊടുവില്‍ ജീവച്ഛവമായ പെണ്‍കുട്ടിയെ ബസില്‍ നിന്നു പുറത്തേക്കെറിഞ്ഞു. രാജ്യം പിന്നീട് അവളെ ‘നിര്‍ഭയ’ എന്നു വിളിച്ചു. പിശാചിന്റെ രൂപം പൂണ്ട ആ ആറു പേര്‍ ഇവരായിരുന്നു – ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാള്‍. പ്രാര്‍ഥന, പ്രതിഷേധം ശരീരം കീറി നുറുങ്ങി, ആന്തരാവയവങ്ങള്‍ക്കും ഗുരുതര പരുക്കേറ്റ നിര്‍ഭയ സഫ്ദര്‍ജങ് ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുമ്പോള്‍ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാര്‍ഥനകളുമായി തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയര്‍ത്തിയ ഇന്ത്യന്‍ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിലും പൊലീസ് ആസ്ഥാനത്തും പ്രതിഷേധങ്ങള്‍ക്കു ശേഷം ആയിരക്കണക്കിനു യുവാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്തു. ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടയില്‍ നിര്‍ഭയയെ വിദഗ്ധ ചികില്‍സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി.

തലകുനിച്ച് രാജ്യം ഡിസംബര്‍ 29, പുലര്‍ച്ചെ 2.15

രാജ്യം തലകുനിച്ച് ആ വാര്‍ത്ത കേട്ടു – സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിര്‍ഭയ മരിച്ചു. ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്തല്ലോ എന്നോര്‍ത്ത് രാജ്യം ഒന്നടങ്കം സങ്കടപ്പെട്ടു.

130 ദിവസം വിചാരണ 2013 ജനുവരി 17

ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ ഡിസംബര്‍ 17-നും മറ്റുള്ളവര്‍ നാലു ദിവസത്തിനകവും അറസ്റ്റിലായിരുന്നു. അതിവേഗ കോടതി നടപടികള്‍ ജനുവരി 17ന് തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.

സ്വയം സ്വീകരിച്ച തൂക്കുകയര്‍ 2013 മാര്‍ച്ച് 11

മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് 2013 മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി. നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി 2013 സെപ്റ്റംബര്‍ 13ന് വിധിച്ചു. വധശിക്ഷ 2014 മാര്‍ച്ച് 13ന് ഹൈക്കോടതി ശരിവച്ചു.

തൂക്കുകയര്‍ തന്നെ 2017 മേയ് 5 നാലു പ്രതികളുടെയും വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.

കേസിലെ പ്രതികള്‍

രാം സിങ് – ഭ്രാന്തനെന്ന് വിളിപ്പേര് സംഘ നേതാവ്. സൗത്ത് ഡല്‍ഹി ആര്‍കെപുരം സെക്ടര്‍ മൂന്ന് രവി ദാസ് ക്യാംപില്‍ താമസം. ക്രിമിനല്‍ കേസുകളില്‍ പ്രതി, സ്വഭാവ വൈകല്യങ്ങള്‍ കാരണം ‘ഭ്രാന്തന്‍’ എന്നാണു സുഹൃത്തുക്കള്‍ക്കിടയിലെ വിളിപ്പേര്. ഭാര്യയുടെ മരണത്തെ തുടര്‍ന്നു രാംസിങ്ങിലെ ക്രൂരത വര്‍ധിച്ചെന്നു സുഹൃത്തുക്കള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ മാര്‍ച്ച് 11നു മരിച്ചനിലയില്‍ കണ്ടെത്തി, പിന്നീടു കോടതിവിചാരണാ നടപടികളില്‍ നിന്നൊഴിവാക്കി.

മുകേഷ് സിങ് (30) – ക്രൂരത സഹോദരനൊപ്പം രാം സിങ്ങിന്റെ സഹോദരന്‍. കുടുംബാംഗങ്ങളില്‍ ബന്ധമുള്ളതു രാം സിങ്ങിനോടു മാത്രം. രാം സിങ് അവധിയെടുക്കുന്ന ദിവസങ്ങളില്‍ ബസ് ഡ്രൈവര്‍. പെണ്‍കുട്ടിയെയും സുഹൃത്തിനെയും പീഡിപ്പിച്ച സമയത്തു ബസ് ഓടിച്ചിരുന്നതു മുകേഷാണെന്നു പൊലീസ്. തെളിവു നശിപ്പിച്ചതിലും മുഖ്യപങ്ക്. സംഭവത്തിനു ശേഷം ഒളിച്ചോടിയ ഇയാള്‍ പിടിയിലായതു രാജസ്ഥാനില്‍ നിന്ന്.

പവന്‍ ഗുപ്ത (കാലു-23) – ജ്യൂസ് കടക്കാരന്‍ മാതാപിതാക്കള്‍ പഴം വില്‍പനക്കാര്‍. അവര്‍ക്കൊപ്പം ആര്‍കെപുരം സെക്ടര്‍ മൂന്നിലാണു താമസം. സെക്ടര്‍ ഒന്നില്‍ സ്വന്തമായി ജ്യൂസ് കട നടത്തുകയായിരുന്നു. നേരത്തേ രാം സിങ്ങിനൊപ്പം ബസില്‍ ക്ലീനറായി ജോലിചെയ്തിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി.

വിനയ് ശര്‍മ (24) വിദ്യാസമ്പന്നന്‍, പക്ഷേ പ്രതികളിലെ ഏക വിദ്യാസമ്പന്നന്‍. സിരിഫോര്‍ട്ടിലെ ജിംനേഷ്യത്തില്‍ ഇന്‍സ്ട്രക്ടറായി ജോലിചെയ്യുന്നതിനൊപ്പം ഇഗ്‌നോയില്‍ നിന്ന് ഓപ്പണ്‍ സ്‌കീമില്‍ ബികോം പഠിക്കുകയായിരുന്നു. രവിദാസ് ക്യാംപില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹരി റാമിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ക്ലീനിങ് വിഭാഗത്തില്‍ ജോലി.

അക്ഷയ് ഠാക്കൂര്‍ (32) – രണ്ടു കുട്ടികളുടെ അച്ഛന്‍ ബിഹാര്‍ ഔറംഗാബാദ് സ്വദേശി. രാം സിങ്ങിന്റെ ബസില്‍ ക്ലീനര്‍ കം കണ്ടക്ടര്‍. സംഭവത്തിനു ശേഷം മുങ്ങിയ അക്ഷയ് ജന്മനാടായ ഔറംഗാബാദില്‍ നിന്നാണു പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. തന്റെ ഭര്‍ത്താവ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ വെടിവച്ചു കൊല്ലണമെന്നു ഭാര്യ പുനിത ദേവി പ്രതികരിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്തയാള്‍ – (കുറ്റകൃത്യം ചെയ്യുമ്പോള്‍ 17 വയസ്സും ആറുമാസവും) ഉത്തര്‍പ്രദേശിലെ ബദൗനിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രയാസം കാരണം 11-ാം വയസ്സില്‍ വീടുവിട്ടു ഡല്‍ഹിയിലെത്തി. പിന്നീടു വീട്ടുകാരുമായി ബന്ധമില്ല. ആനന്ദ് വിഹാര്‍ സംസ്ഥാനാന്തര ബസ് ടെര്‍മിനലില്‍ (ഐഎസ്ബിടി) ബസിലേക്ക് ആളെ വിളിച്ചുകയറ്റലായിരുന്നു ജോലി. പിന്നീട്, രാം സിങ്ങിന്റെ ബസില്‍ ക്ലീനര്‍. മുനീര്‍ക്കയില്‍ വച്ചു പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസിലേക്കു വിളിച്ചുകയറ്റിയത് ഇയാള്‍. ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷത്തെ നിരീക്ഷണ കേന്ദ്രത്തില്‍ (ഒബ്‌സര്‍വേഷന്‍ ഹോം) വാസത്തിനു ഉത്തരവിട്ടിരുന്നു. 2015 ഡിസംബറില്‍ മോചിതനായി. കൂട്ടമാനഭംഗം നടത്തിയ ആറു പേരില്‍ ഏറ്റവും ക്രൂരമായി പെരുമാറിയെന്ന് പൊലീസ് പറയുന്നയാള്‍ നിയമത്തിന്റെ മുന്നില്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഹീനകൃത്യം ചെയ്ത വ്യക്തി പ്രായത്തിന്റെ പേരില്‍ നിയമത്തിന്റെ പിടിയില്‍ നിന്നു വഴുതിമാറിയത് രാജ്യമെങ്ങും വിവാദമായി. പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നര്‍ഥം വരുന്ന ‘ജുവനൈല്‍’ എന്ന പദത്തിന്റെ നിര്‍വചനത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ചര്‍ച്ച ഉയര്‍ന്നു.

കൊടുംകുറ്റകൃത്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 18 എന്ന പ്രായപരിധി 16 ആയി കുറയ്ക്കണമെന്നും കുറ്റകൃത്യങ്ങളുടെ തീവ്രത വിലയിരുത്തി പ്രായപരിധി നിര്‍ണയിക്കണമെന്നും ആവശ്യം. ഭേദഗതി ചെയ്ത ജുവനൈല്‍ ജസ്റ്റിസ് നിയമം 2015 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കി. പതിനാറു മുതല്‍ 18വരെ പ്രായമുള്ളവര്‍ ഹീനമായ കുറ്റം ചെയ്താല്‍ പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ വിചാരണ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. ജുവനൈല്‍ എന്ന വാക്കിനു പകരം ചൈല്‍ഡ് (കുട്ടി) അല്ലെങ്കില്‍ ‘നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയ കുട്ടി’ എന്നു ഭേദഗതി വരുത്തി.

വഴിമുട്ടാതെ അന്വേഷണം

പൊതുജനരോഷം ആളിക്കത്തിയ കേസില്‍ പ്രതികളെ എത്രയും വേഗം പിടികൂടുകയെന്നതായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി. സംഭവം നടന്ന് 72 മണിക്കൂറിനകം കേസ് തെളിയിക്കാന്‍ ഡല്‍ഹി പൊലീസിനായി. തുടക്കത്തില്‍ കേസില്‍ ദൃക്‌സാക്ഷികളാരുമുണ്ടായിരുന്നില്ല; തെളിവുകളും. നിര്‍ഭയയും ആണ്‍ സുഹൃത്തും ആക്രമണത്തിനിരയായ വാഹനം ഏതെന്നുപോലും ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തില്‍, ഓടുന്ന ബസിലാണ് ആക്രമണം നടന്നതെന്നു കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു ബസ് കണ്ടെത്താനായത് അന്വേഷണത്തില്‍ വഴിത്തിരിവായി. 24 മണിക്കൂറിനകം ബസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കേസില്‍ മുഖ്യപ്രതികളിലൊരാളായ രാം സിങ് പിടിയിലായി.

സംഭവ സമയം ബസ് ഓടിച്ചിരുന്നതു താനാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെ തെളിവുകള്‍ ഓരോന്നായി പുറത്തുവന്നു. പ്രതികളിലൊരാളായ അക്ഷയ് ഠാക്കുര്‍ ബിഹാറിലെ ഔറംഗാബാദില്‍ ഒളിവിലുണ്ടെന്നു വിവരം ലഭിച്ചു. ഇയാളെ പിടികൂടാന്‍ അവിടുത്തെ പൊലീസിന്റെ സഹായം ലഭിച്ചില്ല. അന്വേഷണസംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. രാജസ്ഥാനിലേക്കു കടന്ന മറ്റൊരു പ്രതിയെ അവിടെവച്ച് അറസ്റ്റ് ചെയ്തു. കേസിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തയാളെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പത്തു ദിവസത്തിനകം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ഒരുകാരണവശാലും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പഴുതുകളടച്ചാണു കുറ്റപത്രം തയാറാക്കിയത്. നിര്‍ഭയയെ അവസാനം ചികില്‍സിച്ച സിംഗപ്പൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍നിന്നു തെളിവുകള്‍ ശേഖരിച്ചു കേസ് ശക്തമാക്കി. പൊലീസ് അന്നു നടത്തിയ അന്വേഷണം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു.

2018 ജൂലൈ 9 പുനഃപരിശോധനാ ഹര്‍ജിയും തള്ളി

വധശിക്ഷ ശരിവച്ച വിധിക്കെതിരെ മൂന്നു പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ പുനഃപരിശോധനാ ഹര്‍ജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. പ്രതികള്‍ ഉന്നയിച്ച വാദങ്ങളെല്ലാം നേരത്തേ പരിഗണിച്ചു തള്ളിയതാണെന്നു കോടതി വ്യക്തമാക്കി. മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ സിങ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയില്ല.

Exit mobile version