നിർഭയ കേസിൽ നീതി നീളും: ശിക്ഷ നടപ്പാക്കേണ്ടത് മാർച്ച് മൂന്നിന് പ്രതി പവൻ ഗുപ്തയുടെ ഹർജി പരിഗണിക്കുന്നത് ആറിന്

ന്യൂഡൽഹി: നിർഭയ കേസിൽ നീതി നടപ്പാക്കുന്നത് വീണ്ടും നീളാൻ സാഹചര്യമൊരുങ്ങി. പ്രതി പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി സുപ്രീം കോടതി മാർച്ച് ആറിന് പരിഗണിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായത്.

കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവൻ ഗുപ്തയുടെ ഹർജി. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്ക്കാലിക പട്ടികയിലാണ് ഈ കേസും ഉൾപ്പെടുത്തിയിട്ടുള്ളത്. കംപ്യൂട്ടർ ജനറേറ്റ് ചെയ്യുന്ന പട്ടികയാണ് ഇത്. ഇതുപ്രകാരം മാർച്ച് ആറിനാണ് പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി കോടതി പരിഗണിക്കുന്നത്.

അതേസമയം, മാർച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡൽഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, തിരുത്തൽ ഹർജിയിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. തിരുത്തൽ ഹർജി കോടതി തള്ളിയാൽ തന്നെ ദയാഹർജിയുമായി മുന്നോട്ടുപോകാൻ പവൻ ഗുപ്തയ്ക്ക് അവകാശമുണ്ട്. അങ്ങനെയാണെങ്കിൽ അന്നുതന്നെ പവൻഗുപ്ത രാഷ്ട്രപതിക്ക് ദയാഹർജി നൽകിയേക്കാം.അക്കാര്യത്തിൽ ദ്രുതഗതിയിൽ തീരുമാനമെടുത്താൽ പോലും വീണ്ടും പതിന്നാല് ദിവസം കഴിഞ്ഞതിനുമാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ.
അതിനാൽ മാർച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

Exit mobile version