നീതി നടപ്പായി; നിർഭയ കേസിലെ അന്തിമവിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി മോഡി

ന്യൂഡൽഹി: നിർഭയ കേസിൽ നീതി നടപ്പാക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതികരണം. ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളേയും ഇന്ന് പുലർച്ചെ തൂക്കിലേറ്റിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്. സ്ത്രീകളുടെ അഭിമാനവും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്നും മോഡി കുറിച്ചു.

എല്ലാ മേഖലയിലും സ്ത്രീശക്തി വർധിച്ചതായും സ്ത്രീ ശാക്തീകരണത്തിൽ അധിഷ്ഠിതമായ ഒരു രാജ്യം നമുക്ക് ഒന്നിച്ച് നിർമ്മിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഒരുപകലും രാത്രിയും നീണ്ടു നിന്ന നാടകീയ കോടതി നടപടികൾക്ക് ശേഷമാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. അർധരാത്രിയിൽ ഡൽഹി ഹൈക്കോടതിയിലും പിന്നീട് പുലർച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിർഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവച്ചേക്കുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സമർപ്പിച്ച ഹര്ജി സുപ്രീംകോടതി തള്ളിയത്. ഇതോടെ കൃത്യം 5.30ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി.

Exit mobile version