നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ അവസാന തന്ത്രവുമായി പ്രതികൾ; തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി പവൻ ഗുപ്ത

ന്യൂഡൽഹി: നാളെ ശിക്ഷ നടപ്പാക്കാനിരിക്കെ അവസാന തന്ത്രങ്ങളുമായി നിർഭയ കേസിലെ പ്രതികൾ. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹർജി നൽകി കേസിലെ നാലാം പ്രതിയായ പവൻ ഗുപ്ത. തിങ്കളാഴ്ചയാണ് തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയത്. തൊട്ടുപിന്നാലെയാണ് പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി ഫയൽ ചെയ്തത്.

നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാർച്ച് 3ന് നടപ്പാക്കാൻ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദയാഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതിനാൽ വധശിക്ഷ അടുത്ത ദിവസം നടക്കില്ലെന്ന് ഉറപ്പായി.

കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്. എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയിലും ഹർജിയ സമർപ്പിച്ചിട്ടുണ്ട്.

നിരവധി രീതിയിൽ പ്രതികൾ വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നിർഭയയുടെ കുടുംബാംഗങ്ങളും രംഗത്തെത്തി.

Exit mobile version