‘നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, വാതില്‍ അടച്ചിട്ടിരിക്കൂ, ഞാന്‍ ഉടനെത്താം..’! ഫോണ്‍ റിസീവര്‍ താഴെ വക്കുന്നതിന് മുമ്പ് അയാളുടെ കത്തി മാധവന്‍ നായരുടെ നെഞ്ചില്‍ അഴ്ന്നിറങ്ങി

കാറഡുക്ക: മരണം മുന്നില്‍ കണ്ട മാധവന്‍ നായര്‍ ഉടനെ പോലീസിനെ വിവരം അറിയിച്ചു…. ‘നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട.നിങ്ങള്‍ വാതില്‍ അടച്ചിട്ടിരിക്കൂ. ഞാന്‍ ഉടനെത്താം..’ ആദൂര്‍ സിഐ എംഎ മാത്യു മാധവന്‍ നായര്‍ ധൈര്യം പകര്‍ന്നെങ്കിലും അത് സിഐ എത്തുന്നതിന് മുമ്പ് അത് നടന്നു, ആ അരുംകൊല.

കാസര്‍കോട് മുള്ളേരിയെ നടുക്കിയ കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കം. കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി മാധവന്‍ നായരെ കുത്തി വീഴ്ത്തിയത് ബന്ധു തന്നെ. പണവും പ്രതാപവും മനുഷ്യനെ മൃഗമാക്കുന്നു എന്ന പ്രയോഗത്തിന് ഉത്തമ ഉദാഹരണമാണ് ഈ അരുംകൊല.

മാധവന്‍ നായരുടെ ഭാര്യയുടെ സഹോദരനും മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫിസറുമായ ശ്യാംകുമാറാണ് കൊലനടത്തിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.10 നാണു സംഭവം.

എന്നാല്‍ നേരത്തെ മാധവന്‍ നായരുടെ വീടിന്റെ ജനല്‍ എറിഞ്ഞു തകര്‍ത്തതിന് ആദൂര്‍ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തിരികെ വീട്ടിലെത്തി കത്തിയെടുത്തു മാധവന്‍നായരെ കൊല്ലാന്‍ പോകുകയാണെന്ന് അമ്മയെ അറിയിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി പോകുകയായിരുന്നു. ഈ വിവരം അപ്പോള്‍ തന്നെ ശ്യാംകുമാറിന്റെ അമ്മ, സഹോദരിയും മാധവന്‍ നായരുടെ ഭാര്യയുമായ രുദ്രകുമാരിയെ ഫോണില്‍ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ മാധവന്‍ നായര്‍ ഇക്കാര്യം സിഐയെ വിളിച്ചു പറഞ്ഞു. വാതിലുകള്‍ അടച്ചു അകത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ശ്യാംകുമാര്‍ വിളിച്ചാല്‍ വാതില്‍ തുറക്കരുതെന്നും അപ്പോഴേക്കും താന്‍ എത്താമെന്നും പറഞ്ഞു.

പക്ഷെ സിഐ പറഞ്ഞു തീരുന്നതിന് വാതില്‍ ചവിട്ടിത്തകര്‍ത്ത് അകത്തു കടന്ന ശ്യാംകുമാര്‍, മാധവന്‍ നായരുടെ നെഞ്ചില്‍ കുത്തി. ബഹളം കേട്ട് അയല്‍വാസികള്‍ എത്തുമ്പോഴേക്കും ശ്യാംകുമാര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. മാധവന്‍ നായരെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ആഴത്തിലായിരുന്നതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്ലാറ്റിനും സാക്ഷിയായി ഫോണിന്റെ മറുതലയ്ക്കല്‍ നിസ്സഹായനായി നില്‍ക്കുകയായിരുന്നു ആദൂര്‍ സിഐ എംഎ മാത്യു.

എന്നാല്‍ താന്‍ മാധവന്‍ നായരെ കുത്തി വീഴ്ത്തിയെന്നും കീഴടുങ്ങുകയാണെന്നും പോലീസിനെ അറിയിച്ച് ശ്യംകുമാര്‍ സിഐ വരുന്നതു വരെ സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നു .

Exit mobile version