രാജ്യസഭയിലും പരാജയമായി ലീഗ്; വൈകി എത്തിയ എംപി അബ്ദുൾ വഹാബിന് മുത്തലാഖ് ബില്ലിൽ രാജ്യസഭയിൽ പ്രസംഗിക്കാനായില്ല

ന്യൂഡൽഹി: കൃത്യസമയത്ത് ഹാജരാകാതെ രാജ്യസഭയിലും പരാജയമായി മുസ്ലിം ലീഗ്. പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാൽ മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാ എംപി പിവി അബ്ദുൽ വഹാബിന് പാർലമെന്റിലെ മുത്തലാഖ് ബില്ലിൽ നടന്ന ചർച്ചയിൽ സംസാരിക്കാനായില്ല. സഭയിലില്ലാത്തതിനെത്തുടർന്ന് അവസരം നഷ്ടപ്പെട്ട വഹാബ് വീണ്ടും അവസരത്തിനായി അപേക്ഷിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചർച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് വഹാബ് സഭയിൽ എത്തിച്ചേർന്നത്.

ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് എത്തിയില്ല. ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിർമ്മാണത്തെ എതിർക്കുന്ന കക്ഷിയെന്ന നിലയിൽ ലീഗിന്റെ നിലപാട് സഭയിൽ അവതരിപ്പിക്കാനും പ്രതിഷേധം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും വഹാബിന് സാധിക്കാതെ വന്നു.

78നെതിരെ 302വോട്ടുകൾക്ക് ലോക്സഭയിൽ പാസായ മുത്തലാഖ് നിരോധന ബിൽ, പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകൾക്കിടയിൽ 84 നെതിരെ 99 വോട്ടുകൾക്കാണ് രാജ്യസഭ പാസാക്കിയത്. എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികളും ടിആർഎസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പിൽനിന്ന് മാറി നിന്നു.

Exit mobile version