കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി യെദ്യൂരപ്പ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു തുടങ്ങിയത്

ബാംഗ്ലൂര്‍: വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദ്യൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു തുടങ്ങിയത്. മൈസൂര്‍ സുല്‍ത്താന്‍ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10ന് ആണ് ആഘോഷിക്കുന്നത്.

ന്യൂനപക്ഷ പ്രീണനമാണെന്നും ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്നും ആരോപിച്ച് ബിജെപി അന്നുമുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ല്‍ കുടക് മേഖലയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതെസമയം ബിജെപിക്ക് മതേതരത്വത്തെക്കുറിച്ച് അറിയില്ലെന്നും അതിനാലാണ് ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയതെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ സ്വാതന്ത്ര്യസമര പോരാളിയാണ് ടിപ്പു സുല്‍ത്താനെന്നും അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടതെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Exit mobile version