രാജ്യത്ത് സാമ്പത്തിക മാന്ദ്യം വന്നോ; സിദ്ധാർത്ഥയെ കടക്കാരനാക്കിയത് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളോ; ചോദ്യമുയർത്തി കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: മംഗളൂരുവിൽ നേത്രാവതി പുഴയുടെ തീരത്ത് വെച്ച് കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥയെ കാണാതായ സംഭവത്തിന് പിന്നാലെ അദ്ദേഹത്തെ തകർത്തത് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളാണോ എന്ന ചോദ്യവുമായി കോൺഗ്രസ്. 20 വർഷമായി വിജയത്തിലായിരുന്ന വ്യക്തിയുടെ ബിസിനസ് സംരംഭം തകർന്നിരിക്കുകയാണ് ഇപ്പോൾ. താൻ ഒരു പരാജിതനെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടി വന്നതെന്ന ചോദ്യവുമായി മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപമാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിദ്ധാർത്ഥയുടെ തകർച്ചയ്ക്ക് പിന്നിൽ ഇന്ത്യയുടെ സാമ്പത്തിക നയങ്ങളാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ‘കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും വലിയ വിജയകഥയായാണ് കഫേ കോഫി ഡേ ആഘോഷിക്കപ്പെട്ടത്. പക്ഷേ പെട്ടെന്ന് സ്ഥാപന ഉടമ പറയുന്നു താൻ സംരംഭകനെന്ന നിലയിൽ പരാജയപ്പെട്ടയാളാണെന്ന്. അദ്ദേഹത്തിനെ കാണാതാവുന്നു. എന്താണ് അദ്ദേഹത്തെ പരാജിതനാക്കിയത്.? സാമ്പത്തിക നയം? മാർക്കറ്റ് ശക്തികൾ അല്ലെങ്കിൽ ഉപഭോക്താക്കളുടെ പെരുമാറ്റം? അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം വന്നതാണോ? ‘ സഞ്ജയ് ചോദിക്കുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സിദ്ധാർത്ഥയെ കാണാതായത്. സംരംഭകൻ എന്ന നിലയിൽ താൻ പരാജയപ്പെട്ടതായും 7,000 കോടിയുടെ ബാധ്യത കമ്പനിക്കുണ്ടെന്നും അദ്ദേഹം ജീവനക്കാർക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ആരേയും വഞ്ചിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സിദ്ധാർത്ഥ കത്തിൽ പറഞ്ഞിരുന്നു.

Exit mobile version