‘ഞാനൊരു പരാജയപ്പെട്ട സംരംഭകനാണ്; ആരേയും ചതിക്കാൻ ആഗ്രഹിക്കുന്നില്ല’; കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർത്ഥയുടെ കുറിപ്പ് കണ്ടെത്തി

മംഗളൂരു: കാണാതായ കഫേ കോഫി ഡേ ഉടമയും കർണാടക മുൻമുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർത്ഥയുടെ കുറിപ്പ് കണ്ടെടുത്തു. കാണാതായതിന് പിന്നാലെയാണ് കഫേകോഫി ഡേ ബോർഡ് അംഗങ്ങൾക്ക് എഴുതിയ സിദ്ധാർത്ഥയുടെതെന്ന് സംശയിക്കുന്ന കത്ത് പോലീസ് കണ്ടെത്തിയത്. ഇന്നലെ മംഗളൂരുവിന് സമീപത്തുവെച്ചാണ് സിദ്ധാർത്ഥയെ കാണാതായത്.

തിങ്കളാഴ്ച കാറിൽ സഞ്ചരിക്കവെ ഡ്രൈവറോട് വാഹനം പുഴയുടെ തീരത്ത് നിർത്താൻ ആവശ്യപ്പെട്ട് ഫോണിൽ സംസാരിച്ച് പുറത്തിറങ്ങിയ സിദ്ധാർത്ഥയെ പിന്നീടാരും കണ്ടിട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഡ്രൈവറാണ് വൈകുന്നേരം ആറരയോടെ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചത്.

പുഴയിലുൾപ്പടെ ഇദ്ദേഹത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം, സിദ്ധാർത്ഥയുടെ കഫേ കോഫി ഡേയ്ക്ക് 7,000 കോടിയുടെ കടം നിലവിലുണ്ടെന്നാണ് സൂചന. നഷ്ടം തുടർന്നതിന്റെ മനോവിഷമത്തിലായിരുന്നു താനെന്ന് വിശദീകരിക്കുന്നതാണ് സിദ്ധാർത്ഥയുടെ കത്ത്. ‘ഏറെ നാൾ ഞാൻ പൊരുതി നോക്കി, പക്ഷെ ഞാനിന്ന് എല്ലാം ഉപേക്ഷിക്കുകയാണ്. വിറ്റഴിച്ച ഓഹരികൾ തിരിച്ചുവാങ്ങാൻ ഒരു പാട്‌നർ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്. ആ സമ്മർദ്ദം ഇനിയും താങ്ങാനാകില്ല. ഒരു സുഹൃത്തിൽ നിന്നും കടമായി വാങ്ങിച്ച വലിയൊരു തുക ഞാൻ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഭാഗികമായി കൊടുത്തു തീർത്തിട്ടുണ്ട്. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും എന്റെ പരമാവധി ഞാൻ കമ്പനിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നെ വിശ്വസിച്ചവരെ നിരാശരാക്കിയതിൽ ഏറെ ദുഃഖമുണ്ട്.’- കത്തിൽ സിദ്ധാർത്ഥ പറയുന്നതിങ്ങനെ.

തന്റെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകണമെന്നും പുതിയ മാനേജ്‌മെന്റിന് കീഴിൽ നന്നായി പ്രവർത്തിക്കണമെന്നും അദ്ദേഹം എഴുതിയ കുറിപ്പിലുണ്ട്. ആരേയും ചതിക്കാനോ വഴിതെറ്റിക്കാനോ അല്ല തന്റെ ശ്രമം. താൻ ഒരു പരാജയപ്പെട്ട സംരംഭകനാണ് എല്ലാവരും ക്ഷമിക്കണമെന്നും സിദ്ധാർത്ഥ കത്തിൽ തുടരുന്നു. കത്തിന്റെ കൂടെ കമ്പനിയുടെ സമ്പത്തിന്റെയും കടത്തിന്റെയും ലിസ്റ്റും സിദ്ധാർത്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് എല്ലാവരുടേയും കടം ഒരു ദിവസം കൊടുത്ത് തീർക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നുണ്ട്.

അതേസമയം, സിദ്ധാർത്ഥയുടെ കത്ത് കണ്ടെത്തിയതോടെ ഇതൊരു ആത്മഹത്യാ ശ്രമമാണെന്ന നിഗമനത്തിലാണ് പോലീസെങ്കിലും കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

കാപ്പി തോട്ടകൃഷിയുടെ 140 വർഷത്തെ ചരിത്രം പറയാനുള്ള പ്രശസ്തമായ കുടുംബത്തിലാണ് വി.ജി സിദ്ധാർത്ഥ ജനിച്ചത്. ചിക്കമംഗളൂരുകാരനായ സിദ്ധാർത്ഥ 1996ലാണ് പ്രശസ്തമായ കഫേ കോഫി ഡേ ശൃംഖലയ്ക്ക് തുടക്കം കുറിച്ചത്.

Exit mobile version