സായുധ സേനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ വിദ്യാർത്ഥികളെ ‘പ്രാപ്തരാക്കൽ’ ലക്ഷ്യം; ആർഎസ്എസ് സ്‌കൂൾ തുടങ്ങുന്നു

ന്യൂഡൽഹി: സായുധ സേനകളിലേയ്ക്ക് പൗരന്മാരെ റിക്രൂട്ട് ചെയ്യാനായി തയ്യാറെടുപ്പിക്കാൻ ആർഎസ്എസ് സ്‌കൂളുകൾ ആരംഭിക്കുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചാണ് ആർഎസ്എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സ്‌കൂൾ തുടങ്ങുന്നത്. അടുത്ത വർഷം ആരംഭിക്കുന്ന സ്‌കൂളിലെ ആദ്യ ബാച്ചിൽ 160 വിദ്യാർത്ഥികളാകും ഉണ്ടാകുക. ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കും. സിബിഎസ്‌സി സിലബസിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുക.

പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌കൂൾ തുടങ്ങുന്നതെന്നും ഭാവിയിൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും വിദ്യാഭാരതി റീജിയണൽ കൺവീനർ അജയ് ഗോയൽ പറഞ്ഞു. മുൻ ആർഎസ്എസ് തലവൻ രാജേന്ദ്ര സിങിന്റെ നാടായ ബുലന്ദേശ്വരിലാണ് രാജുഭയ്യ സൈനിക് വിദ്യാമന്ദിർ വരുന്നത്. മുൻ സൈനികന്റെ സ്വകാര്യ സ്ഥലത്താണ് സ്‌കൂൾ നിർമ്മിക്കുന്നത്.

അടുത്തമാസം അഡ്മിഷനുള്ള അപേക്ഷ ക്ഷണിക്കും. 160 കുട്ടികളെയാണ് ആറാം ക്ലാസിലേക്ക് എടുക്കുന്നതെന്നും സൈനിക രക്തസാക്ഷികളുടെ മക്കൾക്ക് 56 സീറ്റുകളിൽ സംവരണം ഉണ്ടാകുമെന്നും ഗോയൽ അറിയിച്ചു. ആർഎസ്എസുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമുള്ള സൈനികരുടെ മീറ്റിങ് വിളിച്ച് കൂടുതൽ നിർദേശങ്ങൾ ആരായുമെന്നും ഗോയൽ പറഞ്ഞു.

Exit mobile version