യെദ്യൂരപ്പ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും; രാജിക്ക് ഒരുങ്ങി സ്പീക്കർ

ബംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരത്തോടെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. വിമത എംഎൽഎമാരെ അയോഗ്യരാക്കിയതോടെ കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുള്ളതിനാൽ വിശ്വാസ വോട്ട് യെദ്യൂരപ്പ സർക്കാറിന് വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ. സ്വതന്ത്ര എംഎൽഎ നാഗേഷും വിശ്വാസപ്രമേയത്തെ പിന്തുണച്ചേക്കും. മുഴുവൻ വിമത എംഎൽഎമാരും അയോഗ്യരാക്കിയതോടെ കർണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി.

അതേസമയം, സ്പീക്കർ കെആർ രമേഷ് കുമാറിനെ നീക്കാനും ബിജെപി നീക്കങ്ങൾ ആരംഭിച്ചു. ഇതിനായി പ്രമേയം കൊണ്ടുവരാനും ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ, ധനകാര്യ ബില്ലിൻമേലുളള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ രാജിവക്കുമെന്ന സൂചന രമേഷ് കുമാർ ഇന്നലെ തന്നെ നൽകിയിരുന്നു.

കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ നിലംപതിപ്പിച്ച വിമത എംഎൽഎമാരെ സ്പീക്കർ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ആകെ 17 വിമത എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്. ഇവരെല്ലാം കുമാരസ്വാമി സർക്കാരിന് പിന്തുണ പിൻവലിച്ച വിമതരാണ്. കോൺഗ്രസിന്റെ 14 ഉം ജെഡിഎസിന്റെ മൂന്നും എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. അതേസമയം, അയോഗ്യരായ എംഎൽഎമാർ സ്പീക്കർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഈ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നതുവരെ അയോഗ്യരാക്കിയ വിമത എംഎൽഎമാർക്ക് ഏതെങ്കിലും പദവി വഹിക്കുകയോ, ഉപതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യാനാകില്ലെന്ന് സ്പീക്കർ അറിയിച്ചിരുന്നു.

Exit mobile version