രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ജെഡബ്ല്യു മാരിയറ്റിന്റെ ഫൈവ് സ്റ്റാർ ഹോട്ടലിന് നഷ്ടമായത് 25,000 രൂപ; പിഴയിട്ടു

ചണ്ഡീഗഢ്: ബോളിവുഡ് താരം രാഹുൽ ബോസ് പുറം ലോകത്തെ അറിയിച്ച ഫൈവ് സ്റ്റാർ ഹോട്ടലിലെ പകൽക്കൊള്ളയിൽ ഉടൻ നടപടിയെടുത്ത് ചണ്ഡീഗഢ് എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ്. രണ്ട് വാഴപ്പഴത്തിന് 422 രൂപ ഈടാക്കിയ ഫൈവ്സ്റ്റാർ ഹോട്ടൽ ഗ്രൂപ്പായ ജെഡബ്ല്യൂ മാരിയറ്റിന് 25,000 രൂപയാണ് പിഴ വിധിച്ചത്. നടന്റെ കൈയ്യിൽ നിന്നും നികുതിയുടെ പേരിൽ അനധികൃതമായി പണം ഈടാക്കിയതിനാണ് ചണ്ഡീഗഢ് എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പിന്റെ നടപടി.

ജിഎസ്ടി നിയമത്തിന് കീഴിൽ ഫ്രഷ് ഫ്രൂട്ടിന് ടാക്സ് ചുമത്താൻ പാടില്ല. 67.5 രൂപയുടെ രണ്ട് പഴത്തിനായി രാഹുൽ ബോസിൽ നിന്നും ഹോട്ടലുകാർ 422 രൂപയാണ് ഈടാക്കിയത്.

‘ഹോട്ടലിന് അധികൃതർ നോട്ടീസ് നൽകി ഹിയറിങ്ങിന് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ കൃത്യമായ വിശദീകരണം നൽകിയില്ല. ഇത്തരത്തിൽ അനധികൃതമായി ടാക്സ് ഈടാക്കുന്നവരെ കുറിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്’ എക്സൈസ് ആൻഡ് ടാക്സേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചണ്ഡീഗഡിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടൽ നടത്തിയ പകൽകൊള്ളക്കെതിരെ രാഹുൽ ബോസ് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്.

രാവിലെ ഹോട്ടൽ ജിമ്മിൽ വ്യായാമം ചെയ്ത രാഹുൽ ശേഷം വരുത്തിച്ച രണ്ട് വാഴപ്പഴത്തിനാണ് 422 രൂപയുടെ ബിൽ ഹോട്ടലുകാർ നൽകിയത്. തുടർന്ന് ബിൽ സഹിതം രാഹുൽബോസ് ട്വിറ്ററിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Exit mobile version