കലങ്ങിത്തെളിയാതെ കർണാടക; ബിജെപി സർക്കാരിന് പിന്തുണ നൽകണമെന്ന് ജെഡിഎസിലെ ഒരു വിഭാഗം

ബംഗളൂരു: കർണാടകയിൽ യെദ്യൂരപ്പ സർക്കാർ അധികാരത്തിലേറിയെങ്കിലും രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് അവസാനമാകുന്നില്ല. സഖ്യസർക്കാർ താഴെ വീണെങ്കിലും അധികാരത്തിൽ ‘തുടരാൻ’ ബിജെപി സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകണമെന്ന ആവശ്യവുമായി ജനതാ ദൾ എസിലെ ഒരു വിഭാഗം രംഗത്തെത്തി. അധികാരം ഒഴിഞ്ഞതിന് പിന്നാലെ പാർട്ടിയുടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി എച്ച്ഡികുമാരസ്വാമി വെള്ളിയാഴ്ച രാത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് പുതിയ നിർദേശവുമായി ഒരുവിഭാഗം രംഗത്തെത്തിയത്.

പ്രതിപക്ഷത്ത് തുടരുന്നതാണ് നല്ലതെന്ന ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ ബിജെപി സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന് കുറച്ച് എംഎൽഎമാർ ആവശ്യപ്പെടുകയായിരുന്നു. എംഎൽഎയും മുൻ മന്ത്രിയുമായ ജിടി ദേവഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ തങ്ങൾ കുമാരസ്വാമിയെ അധികാരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽ മുഖ്യമന്ത്രിയായി യെദ്യൂരപ്പ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Exit mobile version